വിവാഹത്തിനായി ഒരു വര്‍ഷം കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടു; കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി, യുവതി ഗുരുതരാവസ്ഥയിൽ
പ്രതി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു
വിശാഖപട്ടണം: വിവാഹത്തിന് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് കാമുകിയെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. വിശാഖപട്ടണത്താണ് സംഭവം. നക്ക ദീപിക(20), മാതാവ് ലക്ഷ്മി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ് വര്‍ഷമായി നവീനും ദീപികയും പ്രണയത്തിലായിരുന്നുവെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ ശങ്ക ബ്രത ബാഗ്ചി പറഞ്ഞു. ദീപികയെ വിവാഹം കഴിക്കാന്‍ നവീന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും യുവാവിന്‍റെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനാൽ ഒരു വര്‍ഷം കാത്തിരിക്കാൻ യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ നവീൻ ദീപികയെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച 12.30ഓടെയാണ് സംഭവം. വിശാഖപട്ടണത്തെ കൊമ്മാടി പ്രദേശത്തെ സ്വയംകൃഷി നഗറിലെ ദീപികയുടെ വീട്ടിലേക്ക് നവീൻ കത്തിയുമായി അതിക്രമിച്ചു കയറുകയായിരുന്നു. ദീപികയെ കുത്തുകയും തടയാൻ ശ്രമിച്ച ലക്ഷ്മിയെയും ആക്രമിക്കുകയും ചെയ്തു. ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപികയുടെ നില ഗുരുതരമാണ്.
കൊലപാതകത്തിന് ശേഷം നവീൻ ഓടിരക്ഷപ്പെട്ടു. അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും ശ്രീകാകുളം ജില്ലയ്ക്ക് സമീപം വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ആഭ്യന്തരമന്ത്രി വി. അനിതയും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ദീപികക്ക് മികച്ച ചികിത്സ നൽകാനും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.കുറ്റവാളിക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അനിത പൊലീസിനോട് നിർദേശിച്ചു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് തടയാൻ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. "സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി എത്രത്തോളം ആശങ്കാജനകമാണെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു. പ്രതിദിനം ശരാശരി 70 സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. വിശാഖപട്ടണം സംഭവത്തിലെ പ്രതികളെ പിടികൂടി കഠിനമായി ശിക്ഷിക്കണം,"വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവും നിയമസഭാ കൗൺസിൽ അംഗവുമായ വരുദു കല്യാണി പറഞ്ഞു.