'മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നടപ്പാക്കണം'; ലോക്സഭയിൽ പാതിരാത്രി പ്രമേയം അവതരിപ്പിച്ച് കേന്ദ്രം

പ്രമേയം ഇന്ന് രാജ്യസഭയിൽ

Update: 2025-04-03 08:14 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ അർധരാത്രിയാണ് പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു. ഇന്ന് പ്രമേയം രാജ്യസഭയിൽ അവതരിപ്പിക്കും. കേന്ദ്രത്തിന്റെ അസാധാരണ നീക്കത്തിനെതിരെ പ്രതിപക്ഷം ഇന്നലെ പ്രതിഷേധിച്ചിരുന്നു.

വ്യാഴാഴ്ച പുലർച്ചെ 2.40 ഓടെ, എട്ട് പ്രതിപക്ഷ എംഎൽഎമാർ സംസാരിക്കുകയും അമിത് ഷാ മറുപടി നൽകുകയും ചെയ്ത 40 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ലോക്‌സഭ പ്രമേയം പാസാക്കിയത്. വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള 14 മണിക്കൂറോളം നീണ്ടുനിന്ന മാരത്തൺ ചർച്ചയ്ക്ക് ശേഷം പുലർച്ചെ 2 മണിക്കാണ് ചർച്ച ആരംഭിച്ചത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അമിത് ഷാ സഭയിൽ പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി കുക്കി, മെയ്തി സമുദായങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പുരിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. 2023 മേയ് മാസത്തിൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 260 പേർ മരിച്ചിട്ടുണ്ട്. അവരിൽ 80 ശതമാനം പേരും ആദ്യ ഒരു മാസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടവരാണ് എന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ വംശീയ കലാപം കൃത്യമായി കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്ന വിമർശനങ്ങൾക്കിടെ ഫെബ്രുവരി 9 ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് സ്ഥാനം രാജി വെച്ചിരുന്നു. ഫെബ്രുവരി 13 നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം പാർലമെന്റിന്റെ ഇരുസഭകളും രണ്ട് മാസത്തിനുള്ളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് അംഗീകാരം നൽകണം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News