'ചരിത്രപരമായ ദിവസം';ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു

കരാർ പ്രകാരം ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഏകദേശം 99% ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും

Update: 2025-07-24 11:52 GMT
Advertising

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാന മന്ത്രി കെയ്ർ സ്റ്റാമറും ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്ര പരമായ ദിവസമാണിത്, ഏറെ നാളത്തെ പ്രയത്‌നങ്ങൾ ഫലം കണ്ടതിൽ സന്തോഷവാനാണെന്ന് മോദി പ്രതികരിച്ചു. മോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്.

വളരെ സുപ്രധാനവും ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്നതുമായ കരാറാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടത്. മേയിലാണ് രണ്ടുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരക്കരാറിനുള്ള അന്തിമ ധാരണയായത്.

കരാർ പ്രകാരം ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഏകദേശം 99% ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും. പകരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യയും കുറക്കുമെന്നതാണ് ധാരണ. 10 വർഷത്തിനുള്ളിൽ ഇതിൽ 85% ഇനങ്ങളും തീരുവരഹിതമാകുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ നാലുമുതൽ 16% വരെയുള്ള തീരുവ പൂർണമായും ഒഴിവാകും. മത്സ്യം, കാപ്പി, തേയില തുടങ്ങിയവയുടെ തീരുവ യുകെ ഒഴിവാക്കും. ഇത് വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇന്ത്യയിലെ കർഷകർ, മത്സ്യത്തൊഴിലാളികൾ, ഇടത്തരം വ്യവസായികൾ തുടങ്ങിയവർക്ക് കരാർ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കയറ്റുമതി മേഖലയ്ക്ക് ഊർജം നൽകാനും കരാർ സഹായിക്കുമെന്ന് മോദി പറഞ്ഞു.

കൂടാതെ ആറ് ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിലേക്ക് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ അനുമതി ഉടനെ നൽകുമെന്നും മോദി വ്യക്തമാക്കി. കരാർ പ്രാബല്യത്തിൽ വരുന്നതിന് ഇന്ത്യയിലെ കേന്ദ്ര മന്ത്രിസഭയുടെയും ബ്രിട്ടീഷ് പാർലമെന്റിന്റെയും അനുമതി കൂടി വേണം. അതുകൊണ്ട് കരാർ പ്രാബല്യത്തിൽ വരുന്നതിന് ഒരു വർഷത്തോളം കാലതാമസമെടുത്തേക്കും.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News