വെള്ളത്തിനും ഭക്ഷണത്തിനും അധികവില ഈടാക്കിയതിന് പരാതി നൽകി; ട്രെയിനിനുള്ളിൽ യൂട്യൂബറെ മർദിച്ച് പാൻട്രി ജീവനക്കാര്‍, കൊല്ലുമെന്ന ഭീഷണിയും
ജമ്മു കശ്മീരിലെ കത്വയിലിറങ്ങി പരാതി നൽകാൻ ശ്രമിച്ചപ്പോൾ പൊലീസ് സഹകരിച്ചില്ലെന്നും റെയിൽവെ അധികാരികളെ ബന്ധപ്പെട്ടപ്പോള്‍ സഹായം ലഭിച്ചില്ലെന്നും ശർമ ആരോപിക്കുന്നു
മുബൈ: ട്രെയിനില്‍ നൽകിയ ഭക്ഷണത്തിനും വെള്ളത്തിനും അധികവില ഈടാക്കിയതിൽ പരാതി നൽകിയ യൂട്യൂബറെ മര്‍ദിച്ച് പാൻട്രി ജീവനക്കാര്‍. ഹേംകുണ്ട് എക്‌സ്പ്രസിലാണ് അക്രമം നടന്നത്. ട്രാവൽ വ്‌ളോഗറായ വിഷാൽ ശർമയാണ് അക്രമം നടന്നതായി പറയുന്ന വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്. ക്രൂരമായി മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ശർമ ആരോപിച്ചു.
'ഇന്ത്യൻ റെയിൽവെയുടെ എസി കോച്ചിലെ സുരക്ഷയാണിത്. ട്രെയിനിൽ ഭക്ഷണത്തിനും കുപ്പി വെള്ളത്തിനും അമിത വില ഈടാക്കുന്നതിൽ പരാതി നൽകിയതിനാണ് എന്നെ കൊല്ലാൻ ശ്രമിച്ചത്'- ശര്‍മ്മ വീഡിയോയിലൂടെ പറയുന്നു. കയ്യിൽ മുറിവ് പറ്റിയതും അദ്ദേഹം കാണിക്കുന്നു.
ശർമ പോസ്റ്റ് ചെയ്ത മറ്റു വീഡിയോകളിൽ, വെള്ളവും ഇൻസ്റ്റന്റ് നൂഡിൽസും വാങ്ങിക്കുന്നതും പണം നൽകുന്നതുമടക്കമുള്ള ദൃശ്യങ്ങളും കാണാം. അമിതവിലയാണ് ഈടാക്കുന്നതെന്ന് വീഡിയോയിൽ തന്നെ ശർമ വിശദീകരിക്കുന്നുണ്ട്. പിന്നീടാണ് റെയിൽവെയിൽ പരാതി നൽകുന്നത്. വിഷയത്തിൽ നടപടിയെടുക്കാമെന്ന് റെയിൽവെ അറിയിക്കുകയും ചെയ്തു.
ഉറങ്ങിക്കിടക്കുകയായിരുന്ന ശർമയെ പാൻട്രി ജീവനക്കാർ ചേര്‍ന്നാണ് വിളിച്ചെഴുന്നേൽപിക്കുന്നതും അക്രമിക്കുന്നതും. മറ്റു യാത്രക്കാർ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ലായെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്. ജമ്മു കശ്മീരിലെ കത്വയിലിറങ്ങി പരാതി നൽകാൻ ശ്രമിച്ചപ്പോൾ പൊലീസ് സഹകരിച്ചില്ലെന്നും റെയിൽവെ അധികാരികളെ സഹായത്തിനായി വിളിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും ശർമ ആരോപിച്ചു. മേയ് ഏഴിന് പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് മണിക്കൂറിനുള്ളിൽ 72,000 ആളുകൾ കാണുകയും 2,000ത്തോളം കമന്റുകൾ ലഭിക്കുകയും ചെയ്തു.