സംഭല്‍ ഷാഹി മസ്ജിദ് ; അഡ്വ. സഫര്‍ അലിയുടെ കുടുംബാംഗങ്ങൾക്കെതിരെയും കേസ്

സംഭൽ കോട്‍വാലി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള അനുജ് തോമർ വാര്‍ത്ത സ്ഥിരീകരിച്ചു

Update: 2025-04-03 06:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംഭൽ: സംഭല്‍ ഷാഹി മസ്ജിദ് മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ്  അഡ്വ. സഫർ അലിയുടെ കുടുംബാംഗങ്ങളിൽ അഞ്ച് പേർക്കെതിരെ ചൊവ്വാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ്. സമാധാന ലംഘനമോ പൊതു സമാധാനത്തിന് ഭംഗം വരുത്തുന്നതോ തടയുന്നതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സഫര്‍ അലിയെ കഴിഞ്ഞ മാര്‍ച്ച് 23ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. നവംബർ 24നുണ്ടായ സംഘർഷത്തിൽ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നും വ്യാജ തെളിവുകളുണ്ടാക്കിയെന്നുമാണ് സഫർ അലിക്കെതിരായ പൊലീസ് ആരോപണം.

ചന്ദൗസി കോടതിയിൽ അഭിഭാഷകരായ അലിയുടെ മകൻ ഹൈദർ അലി, സഹോദരന്മാരായ താഹിർ അലി, ഖമർ ഹസൻ, അനന്തരവൻമാരായ മുഹമ്മദ് ഡാനിഷ്, മുഹമ്മദ് മുജീബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭൽ കോട്‍വാലി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള അനുജ് തോമർ വാര്‍ത്ത സ്ഥിരീകരിച്ചു. "ഈദ്, നവരാത്രി ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ സമാധാനം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്," സംഭൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) വന്ദന മിശ്ര പറഞ്ഞു.

അതേസമയം, അലിയെ മോചിപ്പിക്കുന്നതുവരെ തങ്ങളാരും കോടതി പരിസരത്ത് പ്രവേശിക്കില്ലെന്ന് സംഭൽ ജില്ലാ ബാർ അസോസിയേഷൻ അംഗങ്ങൾ തീരുമാനിച്ചു."പൊലീസും തദ്ദേശ ഭരണകൂടവും ഞങ്ങളുടെ നേതാവും അഭിഭാഷകനുമായ സഫർ അലിയെയും കുടുംബാംഗങ്ങളെയും ചൂഷണം ചെയ്യുന്നത് തുടരുന്നതുവരെ ഞങ്ങൾ പ്രക്ഷോഭം തുടരും," അഭിഭാഷകനായ മുഹമ്മദ് ഷാഹിദ് പറഞ്ഞു.

നവംബര്‍ 24ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാ മസ്‌ജിദില്‍ സര്‍വേ നടത്തുന്നതിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് അഡ്വ. സഫര്‍ അലിയെ അറസ്റ്റ് ചെയ്തത്. അതിനിടെ ജയിലിൽ കഴിയുന്ന സഫര്‍ അലിയുടെ ജീവന്‍ അപകടത്തിലാണെന്ന് കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ജയിൽ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും മരുന്നുകൾ നൽകുന്നില്ലെന്നുമായിരുന്നു ആരോപണം. ''അദ്ദേഹത്തെ ഒരു കൊടും കുറ്റവാളിയെ പോലെയാണ് പരിഗണിക്കുന്നത്. ജയിലിനുള്ളില്‍ അലിയുടെ ജീവന്‍ അപകടത്തിലാണ്. അദ്ദേഹത്തിന് 70 വയസുണ്ട്. മരുന്നുകള്‍ പോലും നല്‍കുന്നില്ല. പൊലീസ് വളരെ മോശമായാണ് പെരുമാറുന്നത്. ഭരണകൂടം സകല പരിധിയും ലംഘിച്ചു'' സഹോദരന്‍ മുഹമ്മദ് താഹിര്‍ അലി പറഞ്ഞിരുന്നു.

പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹർമന്ദിർ തകർത്താണ് മുഗൾ കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ തുടർന്നാണ് തർക്കം രൂപപ്പെട്ടത്. പിന്നീട് സംഭൽ കോടതി സർവേയ്ക്ക് ഉത്തരവിടുകയായിരുന്നു. കോടതിവിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തി. തുടർന്ന് നവംബർ 24നും മസ്‌ജിദിൽ സർവേ നടത്തി. 24നുണ്ടായ സർവേയുടെ തുടക്കം മുതൽ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു. സർവേയ്ക്കായി ഉദ്യോ​ഗസ്ഥരും അഭിഭാഷകരും ജയ് ശ്രീറാം വിളികളോടെയാണെത്തിയത്. തുടർന്ന് മസ്ജിദിനകത്തുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി.

ദീർഘ നേരത്തെ അഭ്യർഥനയ്ക്കൊടുവിലാണ് ഇമാമിനെ പള്ളിയിൽ തന്നെ തുടരാൻ അനുവദിച്ചത്. പള്ളിക്കു പുറത്ത് ധാരാളം വിശ്വാസികൾ തടിച്ചുകൂടിയിരുന്നു. ഇതിനിടെ, ഒരു കൂട്ടം ഹിന്ദുത്വവാദികൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീറാം വിളിച്ചുവന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പൊലീസ് പൊടുന്നനെ ലാത്തിവീശി. ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ അ‍ഞ്ച് മുസ്‌ലിം ചെറുപ്പക്കാർ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News