ആഗോള സംരംഭകത്വ സൂചിക: തുടർച്ചയായ നാലാം വർഷവും യുഎഇ തന്നെ ഒന്നാമത്

വികസിത രാഷ്ട്രങ്ങളെ പിന്തള്ളിയാണ് അറബ് രാഷ്ട്രത്തിന്റെ നേട്ടം

Update: 2025-04-02 17:21 GMT
Advertising

ദുബൈ: ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ. വികസിത രാഷ്ട്രങ്ങളെ പിന്തള്ളിയാണ് അറബ് രാഷ്ട്രത്തിന്റെ നേട്ടം. സംരംഭങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന പിന്തുണയാണ് സൂചികയിൽ പ്രതിഫലിച്ചത്.

ലോകത്തുടനീളമുള്ള സംരംഭങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് മോണിറ്റർ അഥവാ ജെം റിപ്പോർട്ടിലാണ് യുഎഇ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. 56 രാജ്യങ്ങളിൽ നിന്നാണ് യുഎഇ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ജെമ്മിലെ പതിമൂന്ന് പ്രധാന സൂചികകളിൽ പതിനൊന്നിലും യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കി.

സംരംഭങ്ങൾക്ക് നൽകുന്ന ധനസഹായം, ഗവൺമെന്റ് പിന്തുണ, നികുതി-ബ്യൂറോക്രസി എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ, ഗവൺമെന്റ് മുൻകൈയെടുത്തു നടത്തുന്ന സംരംഭങ്ങൾ, വിദ്യാലയങ്ങളിലെ ഓൺട്രപ്രണർഷിപ്പ് എജ്യുക്കേഷൻ, സംരംഭകത്വവുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക മാനദണ്ഡങ്ങൾ തുടങ്ങിയവയാണ് ജെം പഠനവിധേയമാക്കിയത്.

ഗവൺമെന്റ് സ്വീകരിക്കുന്ന വ്യവസായ സൗഹൃദനയം യുഎഇയുടെ സംരംഭകത്വ പരിതസ്ഥിതിയെ പുഷ്ടിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കായി എട്ട് ബില്യൺ യുഎസ് ഡോളറാണ് അടുത്ത കാലങ്ങളിൽ ഗവൺമെന്റ് നീക്കിയിരുത്തിയത്. നൂറു ശതമാനം വിദേശ ഉടമസ്ഥതയും നേരിട്ടുള്ള വിദേശനിക്ഷേപവും സംരംഭകത്വത്തെ ശക്തിപ്പെടുത്താൻ സഹായകരമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News