2026ൽ ദുബൈ നിരത്തിൽ ഡ്രൈവറില്ലാ ടാക്‌സികൾ
ഡ്രൈവർലസ് ടാക്‌സികളുടെ പരീക്ഷണയോട്ടം നിലവിൽ നടന്നുവരികയാണ്
ദുബൈ: അടുത്ത വർഷത്തോടെ ദുബൈയിലെ നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്‌സികൾ ഓട്ടം തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് മൂന്ന് അന്താരാഷ്ട്ര കമ്പനികളുമായുള്ള സഹകരണം ദുബൈ ആർടിഎ വിപുലപ്പെടുത്തി. ഡ്രൈവർലസ് ടാക്‌സികളുടെ പരീക്ഷണയോട്ടം നിലവിൽ നടന്നുവരികയാണ്.
ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ഒരു വർഷം പിന്നിടുന്ന വേളയിലാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കിയത്. ഡ്രൈവർലസ് സാങ്കേതികവിദ്യയുടെ സഹകരണത്തിനായി ഉബർ, വി റൈഡ്, ബൈദു എന്നീ കമ്പനികളുമായുള്ള കരാറാണ് ആർടിഎ വിപുലപ്പെടുത്തിയത്.
2026ൽ തന്നെ ഡ്രൈവർലസ് ടാക്‌സികൾ നിരത്തിലിറക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. ദുബൈ സെൽഫ് ഡ്രൈവിങ് സ്ട്രാറ്റജിയുടെ നിർണായകമായ ചുവടാണ് കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ യാഥാർഥ്യമാകുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. 2030ടെ നഗരത്തിലെ ടാക്‌സികളിൽ 25 ശതമാനവും ഡ്രൈവർലസ് വാഹനങ്ങളാക്കുകയാണ് ആർടിഎയുടെ ലക്ഷ്യം.
ജുമൈറയിലെ ഇത്തിഹാദ് മ്യൂസിയം മുതൽ ദുബൈ വാട്ടർ കനാൽ വരെ എട്ടു കിലോമീറ്റർ ദൂരത്തിലാണ് ഡ്രൈവർലസ് ടാക്‌സികളുടെ പരീക്ഷണയോട്ടം നടക്കുന്നത്. ക്രൂയിസ് കമ്പനിയുമായി സഹകരിച്ചാണ് പരീക്ഷണം. ദുബൈക്ക് പുറമേ, അബൂദബിയിലും വൈകാതെ ഡ്രൈവറില്ലാ ടാക്‌സിൽ ഓട്ടം ആരംഭിക്കുന്നുണ്ട്.