രണ്ടു മണിക്കൂർ കൊണ്ട് ഇന്ത്യയിലെത്താം; അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ കമ്പനി
യുഎഇ നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിക്ക് പിന്നിൽ
ദുബൈ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ബുള്ളറ്റ് അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ ആസ്ഥാനമായ നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡ്. മുംബൈയിൽ നിന്ന് ഫുജൈറയിലേക്കാണ് നിർദിഷ്ട ട്രയിൻ. മണിക്കൂറിൽ ആയിരം കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ രണ്ടു മണിക്കൂർ കൊണ്ട് ഇന്ത്യയിലെത്താം. രണ്ടു വർഷം മുമ്പ് ആരംഭിച്ച പദ്ധതിക്ക് അനുമതിയടക്കമുള്ള കടമ്പകൾ ഏറെയുണ്ട്. ഫണ്ടിങ്, എഞ്ചിനീയറിങ് പ്രായോഗികത, പരിസ്ഥിതി ആഘാതം തുടങ്ങിയ വെല്ലുവിളികളും മുമ്പിലുണ്ട്.
യാത്രയ്‌ക്കൊപ്പം ചരക്കുനീക്കത്തിനും പദ്ധതി ഉപകരിക്കുമെന്ന് നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കൺസൽട്ടന്റുമായ അബ്ദുല്ല അൽഷെഹി പറയുന്നു. ഫുജൈറയിൽ നിന്ന് മുംബൈയിലേക്ക് എണ്ണയെത്തിക്കാനും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം എത്തിക്കാനും പദ്ധതിക്ക് സാധിക്കുമെന്ന് നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു.
ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് ട്രയിനുകൾ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ, സാങ്കേതിക-എഞ്ചിനീയറിങ് വെല്ലുവിളികൾക്കായി മാത്രം ശതകോടി ഡോളറുകൾ ആവശ്യമായി വരും. ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക സംവിധാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടോ എന്ന വിവരവും ലഭ്യമല്ല.