എമിറേറ്റ്‌സ് കൊറിയർ രംഗത്തേക്ക്; എമിറേറ്റ്‌സ് എക്‌സ്പ്രസ് കൊറിയർ പ്രഖ്യാപിച്ചു
ഡോർ ടു ഡോർ സേവനത്തിന് തുടക്കമായി
ദുബൈ: ദുബൈയുടെ ലോകോത്തര വിമാനകമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ കൊറിയർ സർവീസ് ആരംഭിച്ചു. എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ചതായി കമ്പനി വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് പറക്കുന്ന 250 ലേറെ വിമാനങ്ങൾ പ്രയോജനപ്പെടുത്തി ഡോർ ടു ഡോർ കൊറിയർ സേവനം കൂടുതൽ കാര്യക്ഷമമാക്കാനാണ് എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ പുതിയ സേവനത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. പ്രഖ്യാപനത്തിന് മുമ്പേ കഴിഞ്ഞ ഒരുവർഷമായി പരീക്ഷണാടിസ്ഥാനത്തിൽ യുഎഇ, സൗദി, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, സൗത്ത് ആഫ്രിക്ക യു.കെ. എന്നീ രാജ്യങ്ങളിലേക്ക് ഈ സേവനം ആരംഭിച്ചിരുന്നു. 48 മണിക്കൂറിനകം ആയിരക്കണക്കിന് പാക്കേജുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി എമിറേറ്റ്‌സ് സ്‌കൈ കാർഗോ ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് ബദർ അബ്ബാസ് പറഞ്ഞു.
ഏഴ് വിപണികളിലാണ് തുടക്കത്തിൽ എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് ഡോർ ടു ഡോർ സേവനം നൽകുക. വിവിധ കേന്ദ്രങ്ങളിൽ സാധനങ്ങൾ ഇറക്കി കൊറിയർ എത്തിക്കുന്നതിന് പകരം യാത്രക്കാരെ കൊണ്ടുപോകുന്ന പോലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ട് കൊറിയർ എത്തിക്കുന്നതായിരിക്കും തങ്ങളുടെ രീതിയെന്ന് കമ്പനി പറയുന്നു. പാഴ്‌സലുകൾ ട്രാക്ക് ചെയ്യാൻ https://www.emiratescx.com എന്ന വെബ്‌സൈറ്റ് ഉൾപ്പെടെ ഡിജിറ്റൽ സംവിധാനങ്ങൾക്കും തുടക്കമായിട്ടുണ്ട്.