ട്രാക്കൊരുങ്ങി, ദുബൈ വേൾഡ് കപ്പ് നാളെ
ദുബൈ മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ടൂർണമെന്റ്
ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പ് നാളെ നടക്കും. ദുബൈ മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ടൂർണമെന്റ്. വേൾഡ് കപ്പിന്റെ ഇരുപത്തിയൊമ്പതാം പതിപ്പാണ് ഇത്തവണത്തേത്. ട്രാക്കിൽ ചിറകുവച്ച പോലെ പറപറക്കുന്ന കുതിരകൾ. അവയ്ക്ക് കടിഞ്ഞാൺ പിടിച്ച് അന്താരാഷ്ട്ര പ്രശസ്തരായ കുതിരസവാരിക്കാർ. 3.5 കോടി ഡോളർ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരത്തിനായി ദുബൈ മെയ്ദാനിലെ ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. ലോകത്തുടനീളമുള്ള മികച്ച കുതിരകളും ജോക്കികളുമാണ് നാളെ മെയ്ദാൻ റേസ്‌കോഴ്‌സിൽ മാറ്റുരയ്ക്കാനെത്തുന്നത്.
പ്രധാന റേസിൽ വിജയകിരീടം ചൂടുന്ന ജോക്കിക്ക് 1.2 കോടി ഡോളറാണ് സമ്മാനമായി ലഭിക്കുക. വൈകിട്ട് നാലേ മുപ്പത്തിയഞ്ചിന് ആദ്യ റേസ് തുടങ്ങും. മുഖ്യ റേസ് ആരംഭിക്കുന്നത് വൈകിട്ട് ഒമ്പതരയ്ക്കും. പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള കുതിരകളാണ് ഇത്തവണത്തെ വേഗപ്പോരിൽ കളത്തിലിറങ്ങുന്നത്.
എൺപതിനായിരത്തിലധികം കാണികൾ കുതിരയോട്ടം കാണാൻ ഗ്യാലറിയിലെത്തും. 170 രാഷ്ട്രങ്ങളിൽ മത്സരത്തിന്റെ തത്സമ സംപ്രേഷണവുമുണ്ട്. കഴിഞ്ഞ വർഷം സൗദിയുടെ ലോറൽ റിവർ ആണ് മുഖ്യറേസിലെ വിജയി. ഐറിഷ് ജോക്കി ടൈഗ് ഓഷെയായിരുന്നു കുതിരയെ നിയന്ത്രിച്ചിരുന്നത്.