ഏഴ് മാളുകളിൽ ദീർഘദൂരയോട്ടം; ദുബൈ മാളത്തൺ ആഗസ്റ്റ് ഒന്ന് മുതൽ 31 വരെ
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ദുബൈ മാളത്തണിന്റെ പ്രഖ്യാപനം നടത്തിയത്
ദുബൈ: യുഎഇയിലെ ദുബൈയിൽ ഷോപ്പിങ് മാളുകളെ മാരത്തൺ ട്രാക്കുകളാക്കി മാറ്റി, 30 ദിവസം നീളുന്ന ദീർഘദൂരയോട്ടം തുടങ്ങുന്നു. ദുബൈ മാളത്തൺ എന്ന പേരിലാണ് വേറിട്ട കായികമേള. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ദുബൈ മാളത്തണിന്റെ പ്രഖ്യാപനം നടത്തിയത്.
ഗൾഫിലെ കത്തുന്ന വേനൽകാലത്താണ് ദുബൈ മാളത്തണലിലൂടെ ദുബൈയിലെ ലോകോത്തരമാളുകൾ വ്യായാമത്തിന് തണലൊരുക്കുന്നത്. ദുബൈ നഗരത്തിലെ ഏഴ് മാളുകൾ ആഗസ്റ്റ് ഒന്ന് മുതൽ 31 വരെ ദീർഘദൂരയോട്ട മത്സരങ്ങൾക്കുള്ള ട്രാക്കുകളായി മാറും. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സ്പ്രിങ്‌സ് സൂഖ്, ദേര സിറ്റി സെന്റർ, മിർദിഫ് സിറ്റിസെന്റർ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ദുബൈ മറീന മാൾ എന്നിവയാണ് മത്സരത്തിന് വേദിയാകുന്ന മാളുകൾ. എന്നും രാവിലെ ഏഴ് മുതൽ പത്ത് വരെ മാളുകളിൽ വ്യായാമം ചെയ്യാം. പത്ത് കിലോമീറ്റർ ഓട്ടം, അഞ്ച് കിലോമീറ്റർ ഓട്ടം, രണ്ടര കിലോമീറ്റർ ഓട്ടം, വേഗത്തിലുള്ള നടത്തം എന്നിവക്ക് പേര് രജിസ്റ്റർ ചെയ്യാം. www.dubaimallathon.ae എന്ന വെബ്‌സൈറ്റിലാണ് ഇതിനായി പേര് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും.