അതിവേഗം യുഎഇ വിസ; തട്ടിപ്പ് പരസ്യങ്ങൾക്കെതിരെ ഐ.സി.പി.

യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൻഷിപ്പാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്

Update: 2025-07-28 16:59 GMT
Advertising

അബൂദബി: യുഎഇയിലേക്കുള്ള വിസ നടപടികൾ വേഗത്തിലാക്കാമെന്ന് പരസ്യം ചെയ്ത് കബളിപ്പിക്കുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൻഷിപ്പാ(ഐ.സി.പി.)ണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

അതിവേഗത്തിൽ വിസ ലഭിക്കുമെന്നും നടപടിക്രമങ്ങൾ വെട്ടിക്കുറക്കാമെന്നും വാഗ്ദാനം ചെയ്യുന്ന സോഷ്യമീഡിയ പരസ്യങ്ങൾക്കെതിരെയാണ് യുഎഇ ഐ.സി.പിയുടെ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളിൽ പറയുന്ന വെബ്‌സൈറ്റ് വഴി വിസക്ക് അപേക്ഷിച്ച് വഞ്ചിതരാകരുതെന്നും ഐ.സി.പി. ചൂണ്ടിക്കാട്ടി.

വലിയ ഫീസ് ഈടാക്കിയാണ് വിസ നടപടികൾ എളുപ്പമാക്കാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. ഒരു സ്ഥാപനത്തിനും യുഎഇ അധികൃതർ ഇത്തരത്തിൽ നടപടികൾ ലഘൂകരിക്കാൻ പ്രത്യേക അനുമതി നൽകിയിട്ടില്ല. ഐ.സി.പി.യുടെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ഔദ്യോഗിക സേവനകേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി തന്നെ ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് യുഎഇ വിസക്ക് അപേക്ഷിക്കേണ്ടത്. ഇതിനേക്കാൾ എളുപ്പമുള്ള മാർഗങ്ങൾ നിർദേശിച്ചുള്ള പരസ്യങ്ങൾ പണം തട്ടിയെടുക്കാനുള്ള തട്ടിപ്പാണെന്ന് ഐ.സി.പി. വ്യക്തമാക്കി. ഇത്തരം വ്യാജ പരസ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News