ദുബൈയിൽ 800 മീറ്റർ തുരങ്കപാത തുറന്നു
ഇരുവശത്തേക്കായി നാലുവരി റോഡുകൾ
ദുബൈ:ദുബൈ നഗരത്തിൽ 800 മീറ്റർ നീളമുള്ള പുതിയ തുരങ്കപാത ഗതാഗതത്തിന് തുറന്നുകൊടുത്തു. മൂന്ന് പ്രധാന ഹൈവേകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിക്കായി നിർമിച്ച തുരങ്കപാതയിൽ ഇരുവശത്തേക്കായി നാലുവരി റോഡുകളുണ്ട്.
ഉമ്മുസുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ദുബൈയിൽ പുതിയ തുരങ്കപാത നിർമിച്ചത്. 4.6 കിലോമീറ്റർ ദൂരത്തിൽ അൽഖൈൽ റോഡിനെയും ശൈഖ് മുഹമ്മദ് ബിൻസായിദ് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കിങ്‌സ് സ്‌കൂളിന് സമീപത്താണ് 800 മീറ്റർ തുരങ്കപാത. ഇരുവശത്തേക്കുമായി നാലുവരി റോഡ് ഈ പാതയിലുണ്ട്. സിഗ്‌നലോടുകൂടിയ ഒരു ഉപരിതല ഇന്റർസെക്ഷനും നിർമിച്ചിട്ടുണ്ട്.
പ്രധാനഹൈവേകളായ ശൈഖ് സായിദ് റോഡ്, അൽഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവക്കിടയിലേക്കുള്ള ഇടനാഴിയാണ് പുതിയ പാത. ഇരുദിശയിലേക്കുമായി മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയുണ്ടാകും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽഖൈൽ റോഡിനുമിടയിലെ യാത്രാസമയം 9.7 മിനിറ്റിൽ നിന്ന് 3.8 മിനിറ്റായി കുറക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു. പത്തുലക്ഷത്തോളം ജനങ്ങൾ കഴിയുന്ന അൽബർഷ സൗത്ത്, ദുബൈ ഹിൽസ്, അർജാൻ, ദുബൈ സയൻസ് പാർക്ക് തുടങ്ങിയ താമസമേഖലയിലുള്ളവർക്ക് ഉപകാരപ്പെടുന്നതാണ് പദ്ധതിയെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.