പട്ടിണിയിൽ ഗസ്സ: സഹായവിതരണം ഊർജിതമാക്കി യു.എ.ഇ
റഫ അതിർത്തിയിലൂടെ ഭക്ഷണവും മരുന്നുമായി ഇന്ന് ട്രക്കുകൾ ഗസ്സയിലെത്തി
പട്ടിണി പിടിമുറുക്കിയ ഗസ്സയിലേക്ക് സഹായവിതരണം ഊർജിതമാക്കി യു.എ.ഇ. റഫ അതിർത്തിയിലൂടെ ഭക്ഷണവും മരുന്നുമായി ഇന്ന് ട്രക്കുകൾ ഗസ്സയിലെത്തി. യു.എ.ഇയുടെ 193 വിമാനങ്ങളാണ് ഗസ്സയുടെ ആകാശത്ത് അവശ്യവസ്തുക്കൾ വിതരണം ചെയ്തത്.
നീണ്ട ഇടവേളക്ക് ശേഷമാണ് പട്ടിണി പിടിമുറുക്കിയ ഗസ്സയിലേക്ക് സഹായങ്ങളെത്തുന്നത്. ഗസ്സയിലേക്ക് മരുന്നും, ഭക്ഷണവുമെത്തിക്കുന്നത് തടഞ്ഞിരുന്ന ഇസ്രായേൽ, അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് കര, വ്യോമഅതിർത്തികളിൽ ഇളവ് നൽകിയതോടെയാണ് യു.എ.ഇ ഗസ്സക്കായുള്ള സഹായവിതരണം ഊർജിതമാക്കിയത്. റഫ അതിർത്തിയിലൂടെ ചുരുക്കം ചില ട്രക്കുകൾക്ക് മരുന്നും, അവശ്യവസ്തുക്കളുമായി ഇന്ന് ഗസ്സയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചു. യു.എ.ഇ 193 വിമാനങ്ങളിൽ 3,725 ടൺ അവശ്യവസ്തുക്കൾ ഗസ്സയുടെ ആകാശത്ത് നിന്ന് എയർഡ്രോപ് ചെയ്തു.
യാതനനേരിടുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് അത്യവാശ്യത്തിനുള്ള ഭക്ഷണവും, ദുരിതാവസ്തുക്കളുമാണ് ഇന്ന് എത്തിച്ചതെന്ന് യു.എ.ഇ ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. ജോർദാന്റെ കൂടി സഹകരണത്തോടെ നൻമയുടെ പക്ഷികൾ എന്ന പേരിലായിരുന്നു എയർഡ്രോപ്പിങ്. കരമാർഗവും കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് യു.എ.ഇ വിദേശാകര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് പറഞ്ഞു.