അബൂദബി-തിരുവനന്തപുരം വിമാനം വൈകിയത് എട്ട് മണിക്കൂറിലേറെ; യാത്രക്കാരെ വലച്ച് എയർഇന്ത്യ എക്‌സ്പ്രസ്
വെള്ളിയാഴ്ച വൈകുന്നേരം 5:20ന് പോകേണ്ട വിമാനമാണ് വൈകിയത്
അബൂദബി: യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ എക്‌സ്പ്രസ്. അബൂദബിയിൽ നിന്ന് തിരുവനന്തപുരേത്തേക്ക് പോകേണ്ട വിമാനം വൈകിയത് എട്ട് മണിക്കൂറിലേറെ. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. എ.സി. പ്രവർത്തിപ്പിക്കാത്ത വിമാനത്തിൽ മണിക്കൂറുകൾ കഴിയേണ്ടി വന്ന യാത്രക്കാർ പ്രതിഷേധിച്ചതോടെ ഇവരെ അബൂദബി വിമാനത്താവളത്തിൽ തിരിച്ചിറക്കി.
വെള്ളിയാഴ്ച വൈകുന്നേരം 5.20 ന് അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കേണ്ട IX 524 വിമാനം രണ്ട് മണിക്കൂർ വൈകുമെന്ന് യാത്രക്കാർക്ക് ഉച്ചയോടെ അറിയിപ്പ് ലഭിച്ചിരുന്നു. ഇതുപ്രകാരം യാത്രക്കാരെ കയറ്റി രാത്രി 7.10 ന് ടേക്ക് ഓഫിന് തയാറെടുക്കുമ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് ക്യാപ്റ്റൻ അറിയിക്കുന്നത്. റൺവേക്ക് അടുത്ത് നിർത്തിയിട്ട വിമാനത്തിൽ കടുത്തചൂടിൽ എ.സി.യില്ലാതെ മണിക്കൂറുകൾ ഇരിക്കേണ്ടി വന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു.
രാത്രി പത്തരയോടെയാണ് ഇവരെ പിന്നീട് ടെർമിനിലിലേക്ക് തിരിച്ചിറക്കി ഭക്ഷണവും മറ്റും നൽകിയിത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുലർച്ചെ ഒന്നരക്കാണ് വിമാനം തിരുവനന്തപുരത്തേക്ക് പറന്നത്.