ഗ്രാന്റ്- റയാൻ സൂപ്പർ കപ്പ്: യൂത്ത് ഇന്ത്യ സോക്കറിന് ജയം, സുലൈ എഫ്‌സിക്കും വാഴക്കാടിനും സമനില
റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിന്റെ മൂന്നാം ആഴ്ചയിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം. സുലൈ എഫ്‌സിയും വാഴക്കാടും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിന് പ്രവാസി സോക്കർ സ്‌പോർട്ടിങിനെയാണ് യൂത്ത് ഇന്ത്യ സോക്കർ പരാജയപ്പെടുത്തിയത്. അത്യന്തം ആവേശകരമായ മത്സരം സമനിലയിലേക്ക് പോകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് അവശേഷിക്കേ, യൂത്ത് ഇന്ത്യ സോക്കറിന് അനുകൂലമായി പെനാൽറ്റി കിട്ടിയത്. നിയാസ് എടുത്ത അനായാസ കിക്ക് ഗോളിൽ കലാശിച്ചു. ഇതോടെ സെമി സാധ്യത സജീവമാക്കാനും യൂത്ത് ഇന്ത്യക്ക് സാധിച്ചു. പ്രവാസി സോക്കറിന്റെ ഗോൾ കീപ്പർ മുഹമ്മദ് നിസാൽ കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുഹമ്മദ് വേങ്ങര അവാർഡ് കൈമാറി.
വാഴക്കാട് എഫ്.സിയുടെ ശക്തമായ മുന്നേറ്റ നിരയെ തളച്ച് സുലൈ എഫ്.സി. കടുത്ത പ്രതിരോധം തീർത്തപ്പോൾ ഇരു ടീമുകളും തമ്മിലുള്ള മത്സരം ഓരോ ഗോളുകൾ നേടി സമനിലയിൽ കലാശിക്കുകയായിരുന്നു. മൈതാന മധ്യത്തിലായിരുന്നു ഭൂരിഭാഗ സമയവും കളി നടന്നത്. ഇരു ടീമുകളും ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഗോളടിക്കുവാൻ ശ്രമിച്ചെങ്കിലും ആർക്കും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഇതോടെ, രണ്ട് പോയന്റോടെ ഇരു ടീമുകളും ഗ്രൂപ്പ് 'എ'യിൽ അവസാന സ്ഥാനത്താണ്. തങ്ങളുടെ അവസാന കളിയിൽ മികച്ച ജയം നേടിയാൽ മാത്രമേ ഇരു ടീമുകൾക്കും സെമിയിലേക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ. സുലൈ എഫ്‌സിക്ക് വേണ്ടി ദിൽഷാദ് അഹമ്മദും ബ്ലാസ്റ്റേഴ്‌സ് എഫ് സി വഴക്കാടിന് വേണ്ടി മുഹമ്മദ് അജ്‌സലും ഗോളുകൾ നേടി. അജ്‌സൽ തന്നെയാണ് കളിയിലെ കേമനും. മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ് കൈമാറി.
ഉസ്മാനലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, നജുമുദ്ദീൻ മഞ്ഞളാകുഴി, മുസ്തഫ കവ്വായി (റിഫ) ബഷീർ കാരന്തൂർ (റിഫ), മാമുക്കോയ തറമ്മൽ, അലി വയനാട്, മുനീർ വാഴക്കാട്, ബാദുഷാ ഷൊർണ്ണൂർ, ഷരീഫ് ചിറ്റൂർ, അബൂബക്കർ കൊടുവളളി, മുജീർ പട്ടാമ്പി, മൊയ്തീൻ കുട്ടിവാട്, ഉമ്മർ അമാനത്ത്, ഷുഹൈബ്, മുഹമ്മദ് റിസ്വാൻ വട്ടപറമ്പിൽ, വാഹിദ് വാഴക്കാട് ഒഐസിസി, മണികുട്ടൻ ജയ് മസാല, ജാഫർ പുത്തൂർമഠം, സിദ്ദീഖ് കോങ്ങാട്, ഹനീഫ മൂർക്കനാട്, ഷാഹിദ് അറക്കൽ, ഷരീഫ് കണ്ണൂർ, റിയാസ് തിരൂർക്കാട്, അബൂട്ടി വണ്ടൂർ, ഗഫൂർ വളളിക്കുന്ന്, റസാഖ് വളളിക്കുന്ന്, മുഹമ്മദ് ജസീർ, അഷ്റഫ് വി പി എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു.
മാർച്ച് എട്ടിന് നടക്കുന്ന കളിയിൽ അസീസിയ സോക്കർ റിയൽ കേരളയേയും ലാന്റൺ എഫ് സി റെയിൻമ്പോ എഫ് സിയേയും നേരിടും