എയർപോർട്ടുകളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധന ശക്തമാക്കി സൗദി
ഒരാഴ്ചക്കിടെ തടഞ്ഞത് 1500ലധികം കള്ളക്കടത്ത് ശ്രമങ്ങൾ
റിയാദ്: രാജ്യത്തെ തുറമുഖങ്ങൾ, എയർപോർട്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ശക്തമാക്കി സൗദി അറേബ്യ. 1500ലധികം കള്ളക്കടത്ത് ശ്രമങ്ങളാണ് ഒരാഴ്ചക്കിടെ തടഞ്ഞത്. മയക്കുമരുന്ന്, ആയുധങ്ങൾ, അനധികൃത പണം, പുകയില ഉത്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും പിടികൂടിയത്. സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന.
610 നിരോധിത വസ്തുക്കൾ, 283 മയക്കുമരുന്നു കടത്ത്, 47 അനധികൃത പണം, 4 ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളുടെയും കടത്ത്, 2,853 പുകയില ഉത്പന്ന കടത്ത് തുടങ്ങിയവയാണ് ഇതുവരെ പിടികൂടിയത്. ഇറക്കുമതി, കയറ്റുമതി മേഖലയിലൂടെ അനധികൃത ഇടപാടുകൾ വർധിച്ച സാഹചര്യത്തിലാണ് പരിശോധന കടുപ്പിച്ചത്. കള്ളക്കടത്ത് തടയുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പ്രവർത്തനം. സമൂഹിക സുരക്ഷ ഉറപ്പാക്കുക, അനധികൃത കടത്ത് തടയുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി. കള്ളക്കടത്ത്, മയക്ക് മരുന്നിന്റെ ഉപയോഗം, വിതരണം തുടങ്ങിയവ ശ്രദ്ധയിൽ പെടുന്നവർ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.