Writer - razinabdulazeez
razinab@321
ദമ്മാം: സൗദിയില്‍ അഴിമതി കേസിൽ 142 സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. ജൂലൈയില്‍ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആഭ്യന്തരം, പ്രതിരോധം, നാഷണല്‍ ഗാർഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിടം, മാനവവിഭവശേഷി, വിദ്യഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
സൗദി ഓവര്‍സെെറ്റ് ആന്‍റ് ആന്‍റി കറപ്ഷന്‍ കമ്മീഷന്‍ അഥവ നസഹയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മാണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം നസഹ നടത്തിയ 2354 പരിശോധനകളില്‍ 425 സര്‍ക്കാര്‍ ജീവനക്കാരെയാണ് അന്വേഷണ വിധേയമാക്കിയത്. ഇവരില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്ന 142 ഉദ്യോഗസ്ഥരാണ് തെളിവുകളോടെ അറസ്റ്റിലായത്. ഇവര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇതിനിടെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറുന്നതിന് നസഹ പൊതുജനങ്ങള്‍ക്ക് നിരന്തരം ബോധവല്‍ക്കരണ സന്ദേശങ്ങളും നല്‍കി വരുന്നുണ്ട്.