Writer - razinabdulazeez
razinab@321
റിയാദ്: തൊഴിലാളികളുടെ ഫോട്ടോ, വീഡിയോ തുടങ്ങിയവ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. തൊഴിലാളിയുടെ അനുമതിയില്ലാതെ ഇത്തരം പരസ്യങ്ങൾ ചിത്രീകരിക്കരുത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രലയമാണ് പരസ്യ പ്രചാരണവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
വ്യാജ വാഗ്ദാനങ്ങളോ, ഉപഭോക്താവിനെ തെറ്റിധരിപ്പിക്കുന്ന വാചകങ്ങളോ ഉൾപ്പെടുത്തരുത്. മറ്റ് ഭാഷകൾ ഉപയോഗിച്ചുള്ള പരസ്യങ്ങളിൽ അറബിക് വിവർത്തനം ഉൾപ്പെടുത്തണം. പേര്, ലോഗോ, രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് എന്നിവ പ്രദർശിപ്പിക്കണം. മന്ത്രാലയത്തിന്റെ പേരോ ലോഗോയോ ഉപയോഗിക്കരുത്. ജാതി, മതം, ശമ്പളം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനപരമായ പരസ്യങ്ങൾ പാടില്ല. ലൈസൻസ് നേടിയ മറ്റു സ്ഥാപനങ്ങളുടെ സേവനങ്ങളെ പ്രതികൂലമായി ചിത്രീകരിക്കുന്ന വാക്കുകളോ, ആശയങ്ങളോ ഒഴിവാക്കണം തുടങ്ങിയവയാണ് പ്രധാനമായ ചട്ടങ്ങൾ. ഉപഭോക്താക്കളെയും തൊഴിലാളികളെയും സംരക്ഷിക്കുക, തെറ്റായ പരസ്യങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പുതിയ നീക്കം.