സൗദിയിൽ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി
അസീറിൽ സൗദി യുവാവിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്
ജിദ്ദ: സൗദിയിൽ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് വധശിക്ഷ. അസീറിലാണ് സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്. പൗരൻ മാതാവിനെ വെടിവെച്ചുകൊന്നു എന്നതാണ് കേസ്. സൗദി വനിത ജിഹാൻ ബിൻത് ത്വാഹ ഉവൈസിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. മകൻ അബ്ദുല്ല മുഫ്ലിഹിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ പിടികൂടിയിരുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മാതാവിനെ കൊന്നത് ഗുരുതര തെറ്റാണെന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ഇതോടെയാണ് രാജാവിന്റെ ഉത്തരവുപ്രകാരം ശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ ദിവസമാണ് അസീറിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കിയത്. നിരപരാധികളെ ആക്രമിക്കുകയോ അവരുടെ രക്തം ചൊരിയുകയോ ചെയ്യുന്ന ഏതൊരാൾക്കും കടുത്ത ശിക്ഷ നൽകുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.