ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട: 54 കിലോ ഹാഷിഷുമായി സൗദി പൗരൻ പിടിയിൽ
വാഹനത്തെ പിന്തുടർന്ന് കെണിയൊരുക്കിയാണ് പൊലീസ് പിടികൂടിയത്
ജിദ്ദ: ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട. 54 കിലോഗ്രാം ഹാഷിഷും നിരവധി മയക്കുമരുന്ന് ഗുളികകളുമായി സൗദി പൗരൻ പിടിയിൽ. മയക്കുമരുന്ന് വിരുദ്ധ സമിതിയും രഹസ്യ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒരു കാറിൽ രഹസ്യമായി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. വാഹനത്തെ പിന്തുടർന്ന് കെണിയൊരുക്കിയാണ് പൊലീസ് പിടികൂടിയത്. കാറിന്റെ ബോഡിക്കുള്ളിൽ രഹസ്യ അറകളുണ്ടാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. വാഹനത്തെ പിന്തുടർന്ന് പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ മയക്കുമരുന്ന് വിരുദ്ധ സമിതി പുറത്തുവിട്ടിട്ടുണ്ട്.
ഇയാളുടെ പങ്കാളിയായ മറ്റൊരു സൗദി പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് നാർക്കോട്ടിക് കൺട്രോൾ ഏജൻസിക്ക് കൈമാറി.
രാജ്യത്ത് മയക്കുമരുന്ന് കടത്ത് വർധിച്ച സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.