ലോകോത്തര ഹൈജംപ് താരങ്ങളുടെ പോരാട്ടം; ഖത്തറിൽ വാട്ട് ഗ്രാവിറ്റി ചലഞ്ച്
യുക്രെയ്‌നിന്റെ യാറസ്ലാവ് മഹുചികും, ദക്ഷിണകൊറിയയുടെ വൂ സാങ്യോകും ചാമ്പ്യൻപട്ടം സ്വന്തമാക്കി
ദോഹ: ലോകോത്തര ഹൈജംപ് താരങ്ങൾ തമ്മിലുള്ള പോരാട്ടമായി ഖത്തറിലെ വാട്ട് ഗ്രാവിറ്റി ചലഞ്ച്. കതാറയിലാണ് വാട്ട് ഗ്രാവിറ്റി ചലഞ്ചിന്റെ രണ്ടാം പതിപ്പ് അരങ്ങേറിയത്. ഹൈജംപിലെ മുൻനിര താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ യുക്രെയ്‌നിന്റെ യാറസ്ലാവ് മഹുചികും, ദക്ഷിണകൊറിയയുടെ വൂ സാങ്യോകുമാണ് ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ മത്സരത്തിൽ 2.29 മീറ്റർ ഉയരം മറികടന്നാണ് വൂ സാങ്യോക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജപ്പാന്റെ റോയിചി അകമറ്റ്സു (2.26 മീറ്റർ) രണ്ടാം സ്ഥാനത്തും, ജമൈക്കയുടെ റെയ്മണ്ട് റിച്ചാർഡ്സ് (2.26 മീറ്റർ) മൂന്നാം സ്ഥാനത്തും എത്തി. വാട്ട് ഗ്രാവിറ്റി ചലഞ്ചിന്റെ സ്ഥാപകനും ആദ്യ സീസണിലെ ജേതാവുമായ ഖത്തറിന്റെ ഒളിമ്പിക്‌സ് ലോക ചാമ്പ്യൻ മുഅതസ് ബർഷിം പരിക്കിനെ തുടർന്ന് മത്സരത്തിൽ പങ്കെടുത്തില്ല. ലോകത്തിലെ മുൻനിരയിലുള്ള 11 ഹൈജംപ് താരങ്ങളാണ് ഇത്തവണത്തെ ചാലഞ്ചിൽ തങ്ങളുടെ കഴിവുകൾ പരീക്ഷിച്ചത്.
വനിതാ വിഭാഗത്തിൽ നിലവിലെ ഒളിമ്പിക്‌സ് ജേത്രിയും ലോക ചാമ്പ്യൻഷിപ്പ്, വേൾഡ് ഇൻഡോർ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവുമായ യാറസ്ലാവ് മഹുചിക് 2.02 മീറ്റർ ഉയരം ചാടി സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ഇലാനോർ പറ്റേഴ്സൺ (1.96 മീറ്റർ) വെള്ളി മെഡലും, പോളണ്ടിന്റെ മരിയ സോഡ്സിക് വെങ്കല മെഡലും സ്വന്തമാക്കി.