ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ പദ്ധതിയുമായി ഖത്തർ
ഖത്തറിനോട് ചേർന്ന് കിടക്കുന്ന ഒമ്പത് ദ്വീപുകളാണ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ദോഹ: ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ പദ്ധതി വരുന്നു, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് നടപ്പാക്കുന്നത്. ഖത്തറിനോട് ചേർന്ന് കിടക്കുന്ന ഒമ്പത് ദ്വീപുകളാണ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യമുള്ള ഈ ദ്വീപുകളിലെ പരിസ്ഥിതി സൗഹൃദ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
പരിസ്ഥിതി ടൂറിസത്തിന്റെ വളർച്ചയോടൊപ്പം പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ആതിഥേയത്വവും ലക്ഷ്യമിടുന്നു. തെക്ക് കിഴക്കൻ ഖത്തറിൽ സ്ഥിതി ചെയ്യുന്ന അൽ അഷാത്ത് ദ്വീപിന് 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പാറക്കെട്ടുകൾ മാത്രമുള്ളതും പച്ചപ്പ് നിറഞ്ഞതും ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രങ്ങളായ ദ്വീപുകളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ദ്വീപുകളുടെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ ഖത്തറിന്റെ വൈവിധ്യങ്ങൾ ആസ്വദിക്കാൻ പുതിയ പദ്ധതി സഞ്ചാരികൾക്ക് അവസരമൊരുക്കും.