വൈദ്യുതി അടിസ്ഥാന സൗകര്യവികസനം: 310 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ
ഏഴ് ഹൈ വോൾട്ടേജ് സബ് സ്റ്റേഷൻ അടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്
ദോഹ:വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ 310 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു. പുതിയ കരാറുകൾ പ്രകാരം രാജ്യത്ത് ഏഴ് ഹൈ വോൾട്ടേജ് സബ്സ്റ്റേഷനുകൾ സ്ഥാപിക്കും. സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതിന് 212 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ കേബിളുകളും ഓവർഹെഡ് ലൈനുകളും വലിക്കും. ഖത്തർ കമ്പനികൾക്ക് പുറമെ തുർക്കി, ദക്ഷിണ കൊറിയൻ കമ്പനികളും പ്രൊജക്ടുകളുടെ ഭാഗമാണ്.
കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅ്ബി പങ്കെടുത്തു. വൈദ്യുതി മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കരാറുകളിൽ ഒപ്പുവെച്ചതെന്ന് അൽ കഅ്ബി പറഞ്ഞു.
സബ്സ്റ്റേഷനുകളുടെ നിർമാണവും കേബിളുകളുടെയും ഓവർഹെഡ് ലൈനുകളുടെയും കണക്ഷനുമൊപ്പം നിലവിലുള്ള സബ്സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കാനുള്ള ചുമതലകളും കമ്പനികൾക്കുണ്ട്. സ്വദേശി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരാറുകളുടെ 58 ശതമാനവും ഖത്തർ കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്.