കതാറ പ്രവാചക കവിത രചനാ മത്സരം സമാപിച്ചു; വിജയികൾക്ക് 38 ലക്ഷം റിയാലിന്റെ സമ്മാനം
പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള കവിതകളാണ് മത്സരത്തിനുണ്ടായിരുന്നത്
ദോഹ: ഖത്തറിലെ സാംസ്‌കാരിക കേന്ദ്രമായ കതാറ സംഘടിപ്പിച്ച പ്രവാചക കവിതാരചനാ മത്സരം സമാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള കവിതകളാണ് മത്സരത്തിനുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കവികൾ പങ്കെടുത്ത മത്സരത്തിൽ വിജയികൾക്ക് 38 ലക്ഷം ഖത്തറി റിയാൽ സമ്മാനമായി നൽകി.
ക്ലാസിക്കൽ അറബിക്, നബാതി (നാടോടി കവിത) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഇരു വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം റിയാൽ (ഏകദേശം 2 കോടി 40 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനം ലഭിച്ചു. ക്ലാസിക്കൽ വിഭാഗത്തിൽ യെമനിൽ നിന്നുള്ള ജാബർ അലി നാസർ ബഅദനിയും, നബാതി വിഭാഗത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള യുവകവി മുഹമ്മദ് ബിൻ സാലിഹ് അൽ മുതൈരിയും ജേതാക്കളായി. അറബ് ഇസ്ലാമിക് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കവിതാ അവാർഡുകളിൽ ഒന്നാണ് കതാറ പ്രവാചക കവിതാ പുരസ്‌കാരം.