ഖത്തറിൽ വ്യാഴാഴ്ച വരെ പൊടിക്കാറ്റിന് സാധ്യത: കാലാവസ്ഥാ വിഭാഗം
ഇന്ന് രാവിലെ മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്
ദോഹ: ഖത്തറിൽ വ്യാഴാഴ്ച വരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. പൊതുജനങ്ങളും തൊഴിലാളികളും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അറേബ്യൻ പെനിൻസുലയിൽ പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വരെ ഖത്തറിലും കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്.
പൊടിക്കാറ്റിൽ കാഴ്ചാപരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. പൊടിക്കാറ്റിനെ നേരിടാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു. പൊടിക്കാറ്റിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയവും നൽകിയിട്ടുണ്ട്. അതേസമയം ഗുരുതര രീതിയിലുള്ള പൊടിക്കാറ്റിന് നിലവിൽ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.