ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം
ഖത്തർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. 'കൊത്തിവെപ്പിൽ നിന്ന് എഴുത്തിലേക്ക്' എന്ന പ്രമേയത്തിലാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ഡിഇസിസിയിൽ നടക്കുന്ന മേള 17 വരെ തുടരും. ഖത്തർ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറ്ഹമാൻ ബിൻ ഹമദ് അൽതാനിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.
43 രാജ്യങ്ങളിൽ നിന്ന് 522 പ്രസാധകർ ഇത്തവണ മേളയ്‌ക്കെത്തിയിട്ടുണ്ട്. ഫലസ്തീനാണ് ഇത്തവണത്തെ പ്രത്യേക അതിഥി രാജ്യം. 11 പ്രസാധകർ ഫലസ്തീനിൽ നിന്ന് പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനും സ്റ്റാളുണ്ട്. ഐപിഎച്ച് പുസ്തകങ്ങൾക്ക് പുറമെ മലയാളത്തിലുള്ള ഇതര പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെയുണ്ട്. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മേളയിലേക്ക് പ്രവേശനം. വെള്ളിയാഴ്ചകളിൽ വൈകിട്ട് മൂന്ന് മുതൽ രാത്രിവരെയും പുസ്തക മേള സന്ദർശിക്കാം.