ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ടാകണം: ഖത്തർ
മാർച്ച് 2 മുതൽ ഗസ്സയിലേക്കുള്ള എല്ലാ സഹായവും ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്
ദോഹ: ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ടാകണമെന്ന് ഖത്തർ. മരുന്നും ഭക്ഷണവും വിലപേശലിനുള്ള ആയുധമാക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. പ്രതിവാര വാർത്താ സമ്മേളനത്തിലാണ് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി ഗസ്സയിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടത്.
മാർച്ച് 2 മുതൽ ഗസ്സയിലേക്കുള്ള എല്ലാ സഹായവും ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്. 21 ലക്ഷം ജനങ്ങൾ പട്ടിണിമൂലം മരണമുഖത്താണ്. പ്രശ്‌നപരിഹാരത്തിന് അന്താരാഷ്ട്ര സമ്മർദമുണ്ടാകണം. മാനുഷിക സഹായങ്ങളെ വിലപേശലിനുള്ള ഉപകരണമാക്കരുത്. മരുന്നും ഭക്ഷണവും ആയുധമാക്കുന്ന അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സ പൂർണമായി പിടിച്ചടക്കാൻ ഇസ്രായേൽ ശ്രമം നടത്തുന്നതിനിടയിലും മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ ആവർത്തിച്ചു.