Writer - razinabdulazeez
razinab@321
ദുബൈ: തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികൾക്ക് നാട്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ നടപടികളായി. ഓൺലൈൻ വഴി ഈമാസം ഏഴ് വരെയാണ് പേര് ചേർക്കാൻ അവസരം ലഭിക്കുക. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് വിഞ്ജാപനം പുറത്തിറക്കിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സൗകര്യമുള്ളത്. വെബ്സൈറ്റിലെ സിറ്റിസൻ രജിസ്ട്രേഷൻ സംവിധാനത്തിൽ മൊബൈൽ നമ്പറും, പാസ് വേർഡും നൽകി ആദ്യം പ്രൊഫൈലുണ്ടാക്കണം. പ്രൊഫൈലുണ്ടാക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പറായിരിക്കും പിന്നീട് യൂസർ നെയിം. ഈ നമ്പറിലേക്കാണ് ഒ.ടി.പി വരിക.
ലോഗിൻ ചെയ്ത് ഫോറം 4 എയിൽ കാണുന്ന ‘പ്രവാസി വോട്ടർ’ എന്നതിൽ വിശദാംശങ്ങൾ നൽകണം. തുടർന്ന് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോറം പൂർണമായും പൂരിപ്പിച്ച് ഡൗൺലോഡ് ചെയ്ത് പ്രിന്‍റ് ചെയ്ത് ഒപ്പിടണം. പിന്നീട് പാസ്പോർട്ടിൽ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്ക് രജിസ്റ്റേർഡായി തപാൽ വഴി അയക്കണം. ഈസമയം നാട്ടിൽ വരുന്നവർക്ക് നേരിട്ട് ഫോറം കൈമാറാം. അപേക്ഷയോടൊപ്പം പാസ്പോർട്ടിലെ പ്രധാന പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് വെക്കണം. ആഗസ്റ്റ് 30നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിൽ പേര് ചേർത്താൽ പ്രവാസി ഇന്ത്യക്കാർക്ക് പോളിങ് സ്റ്റേഷനിൽ പാസ്പോർട്ട് കാണിച്ച് വോട്ട് രേഖപ്പെടുത്താം.