സുരക്ഷ മുഖ്യം!; കുവൈത്തിൽ കായിക മേഖലയിലെ വിലക്ക് തുടരും
സാഹചര്യം വിലയിരുത്താൻ പ്രത്യേക സമിതി
കുവൈത്ത് സിറ്റി: നിലവിലെ അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്തിൽ കായിക പ്രവർത്തനങ്ങൾക്കുള്ള വിലക്ക് തുടരുമെന്ന് കായിക മന്ത്രി ഡോ. താരിഖ് അൽ ജലാഹ്മ. കായിക മേഖലയിലുണ്ടായ ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സംയുക്ത സമിതിയുടെ ശിപാർശയെത്തുടർന്നാണ് നടപടി. കായിക താരങ്ങൾ, കാണികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് വ്യക്തമാക്കി.
പ്രാദേശിക സാഹചര്യങ്ങളും അവ കായിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സമിതി വിലയിരുത്തി. കായിക മത്സരങ്ങൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന് അനുയോജ്യമായ സമയം കണ്ടെത്താൻ സമിതി ആഴ്ചതോറും യോഗം ചേരുന്നുണ്ട്. ഇതിനായി വിവിധ കർമപദ്ധതികളും സമിതി വിശകലനം ചെയ്തു. മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ക്ലബ്ബുകളും സ്പോർട്സ് ഓർഗനൈസേഷനുകളും പാലിക്കേണ്ട മുൻകരുതൽ നടപടികളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും യോഗത്തിൽ ചർച്ചയായി.
കായിക മേഖലയെ സജീവമാക്കാൻ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ കൃത്യമായ ആസൂത്രണത്തോടെയും സുരക്ഷ ഉറപ്പാക്കിയും മാത്രമേ ഇത് സാധ്യമാകൂ എന്നും ഡോ.അൽ ജലാഹ്മ പറഞ്ഞു. വരും ദിവസങ്ങളിൽ സമിതി വീണ്ടും യോഗം ചേരുകയും നിലവിലെ പുരോഗതികൾ വിലയിരുത്തിക്കൊണ്ടുള്ള സമഗ്രമായ റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കുകയും ചെയ്യും.