കുവൈത്തിലെ സബാഹ് അൽ അഹമ്മദ് സീ സിറ്റിയിൽ ഏഴ് പുതിയ സ്കൂളുകൾക്ക് അനുമതി
കിന്റർഗാട്ടൻ മുതൽ സെക്കന്ററിതലം വരെയുള്ള സ്കൂളുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി, കുവൈത്തിലെ സബാഹ് അൽ അഹമ്മദ് സീ സിറ്റിയിൽ ഏഴ് പുതിയ സ്കൂളുകൾ നിർമിക്കാനുള്ള പദ്ധതിക്ക് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. പ്രദേശത്തെ ജനസാന്ദ്രതയെക്കുറിച്ച് നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് സ്കൂളുകളുടെ സ്ഥാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. താമസക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കിന്റർഗാർടൻ മുതൽ പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻ്ററി തലങ്ങൾ വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം സ്കൂളുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതോടെ പ്രദേശത്തെ കുട്ടികൾക്ക് മുഴുവൻ വിദ്യാഭ്യാസവും സ്വന്തം താമസമേഖലയിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കും.
ലഭ്യമായ ഭൂമി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും ആധുനിക വിദ്യാഭ്യാസ നിലവാരത്തിന് അനുയോജ്യമായ രീതിയിലുമാണ് സ്കൂളുകളുടെ വാസ്തുവിദ്യാ രൂപകൽപന തയാറാക്കുന്നത്. സ്കൂളുകൾക്കായി നിശ്ചയിച്ച സ്ഥലങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്തു കഴിഞ്ഞു. ഇത് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനുള്ള നിർണ്ണായക ഘട്ടമാണ്.
സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും നിർമാണ കരാറുകൾ നൽകുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ കുവൈത്തിലെ ഏറ്റവും പുതിയ നഗര വികസന മേഖലകളിലൊന്നായ സബാഹ് അൽ അഹമ്മദ് സീ സിറ്റിയിലെ കുടുംബങ്ങൾക്ക് മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.