പദ്മാവതിലെ 'ജൗഹര്‍' സീന്‍ ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് തെറ്റായ സന്ദേശം നൽകുന്നുവെന്ന് നടി സ്വര ഭാസ്കർ; പിന്നാലെ സൈബറാക്രമണം

സിനിമയുടെ അവസാനം കാണിക്കുന്ന 'ജൗഹര്‍' സീന്‍ ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു സ്വര ഭാസ്‌ക്കറിന്റെ പരാമര്‍ശം

Update: 2026-09-02 14:37 GMT

രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ പരസ്യമായി നിലപാടുകള്‍ പങ്കുവെക്കുന്ന ബോളിവുഡ് താരമാണ് സ്വര ഭാസ്‌കര്‍. ഇപ്പോള്‍ ദീപിക പദുകോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'പദ്മാവത്' സിനിമയുമായി ബന്ധപ്പെട്ട താരത്തിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

സിനിമയുടെ അവസാനം കാണിക്കുന്ന 'ജൗഹര്‍' സീന്‍ ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു സ്വര ഭാസ്‌ക്കറിന്റെ പരാമര്‍ശം. സിനിമയില്‍ സ്ത്രീകളുടെ ആത്മാഹൂതിയെ മഹത്വവത്കരിക്കുന്നത് ശരിയല്ലെന്നും ആത്മഹത്യ ചെയ്യാത്തവര്‍ ഭീരുക്കളാണെന്ന ധാരണയാണ് ഇത് ഉണ്ടാക്കുന്നതെന്നും സ്വര ചൂണ്ടിക്കാട്ടിയിരുന്നു.

Advertising
Advertising

ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു താരം ഇക്കാര്യം പങ്കുവെച്ചത്. ആത്മഹത്യ ഒരു പകര്‍ച്ചവ്യാധിയായ ഈ സമൂഹത്തോട് നിങ്ങള്‍ എന്താണ് പറയാന്‍ ഉദേശിച്ചത്? അതിജീവിച്ചവര്‍ക്ക് ജീവിക്കാനേ അര്‍ഹതയില്ല എന്നാണോ പറയാന്‍ ആഗ്രഹിച്ചതെന്നും സ്വര ഭാസ്‌കര്‍ ചോദിച്ചിരുന്നു.

സ്ത്രീകള്‍ കൂട്ടത്തോടെ ജൗഹര്‍ ചെയ്യുന്ന രംഗത്തില്‍ ഒരു ഗര്‍ഭിണി കൂടി ഉണ്ടായിരുന്നുവെന്നും സ്ത്രീയായിരിക്കാന്‍ സാധ്യതയുള്ള ഒരു ഗര്‍ഭസ്ഥ ശിശുവിന് ജനിക്കാന്‍ പോലും അര്‍ഹതയില്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്നും സ്വര ചോദ്യമുയര്‍ത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് എഴുതിയ തുറന്ന കത്തിനെ കുറിച്ചാണ് സ്വര പരിപാടിയില്‍ സംസാരിച്ചത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ് നടിക്കെതിരെ ഉണ്ടായത്. സ്വര ഭാസ്‌കര്‍ റാണി പദ്മാവതിയെയും ജൗഹര്‍ ചെയ്ത സ്ത്രീകളെയും 'ഭീരുക്കള്‍' എന്ന് വിളിച്ചുവെന്നാണ് ആരോപണം.

എന്നാല്‍ താന്‍ റാണി പദ്മാവതിയെ ഭീരുവെന്ന് വിളിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സ്വര എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായതിന് ശേഷം സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന അടിസ്ഥാന ആശയം ഇത്രയധികം ആളുകളെ പ്രകോപിപ്പിക്കുന്നത് വന്യമാണെന്നും സ്വര മറ്റൊരു പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

2018ലാണ് പദ്മാവത് റിലീസ് ചെയ്തത്. ദീപിക പദുകോണ്‍ പദ്മാവതിയായെത്തിയപ്പോള്‍ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയെയും ഷാഹിദ് കപൂര്‍ മഹാറാവല്‍ രത്തന്‍ സിങ്ങിനെയും അവതരിപ്പിച്ചു. റിലീസിന് മുമ്പും സിനിമ വിവാദമായിരുന്നു. പദ്മാവത് എന്ന കഥാപാത്രത്തെ ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - രാഗേന്ദു​ പി.ആർ

contributor

Web Journalist

Similar News