ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള അഭിനേത്രിയായിരുന്നു സിൽക് സ്മിത. കച്ചവട സിനിമകളിലെ സ്ഥിരം സാന്നിധ്യം. സ്മിതയുടെ നൃത്തം ഒഴിവാക്കാനാവാത്ത ഘടകമായി മാറിയ 80കൾ.. 17 വർഷക്കാലം നീണ്ടുനിന്ന അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്തംബര്‍ 23നാണ് സ്മിത ആത്മഹത്യ ചെയ്യുന്നത്. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് നടി സിനിമാരംഗത്തെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് രാത്രി നടന്ന ചില ഫോൺ കോളുകളും, അവർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളും ഇന്നും സിനിമാ ലോകത്തെ വിങ്ങുന്ന ഓർമകളാണ്.
സിൽക് സ്മിതയുടെ അടുത്ത സുഹൃത്തും നടിയുമായ അനുരാധയെ മരണത്തിന് തലേദിവസം രാത്രി ഒൻപതരയോടെ സിൽക് ഫോണിൽ വിളിച്ചിരുന്നു."അനൂ, നീ പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറ്റുമോ? എനിക്ക് കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കാനുണ്ട്" എന്നാണ് സിൽക്ക് ചോദിച്ചത്. എന്നാൽ ഒഴിവാക്കാനാവാത്ത കാരണങ്ങൾ കൊണ്ട് പിറ്റേദിവസം കാണാമെന്ന് അനുരാധ പറയുകയായിരുന്നു. അന്നേ ദിവസം തന്നെ കന്നഡ സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ വി. രവിചന്ദ്രനെ സിൽക് സ്മിത അന്ന് വൈകുന്നേരം തുടർച്ചയായി വിളിക്കാൻ ശ്രമിച്ചിരുന്നു. സിനിമയുടെ തിരക്കഥാ ചർച്ചകളിലും ഷൂട്ടിങ് തിരക്കിലായിരുന്ന രവിചന്ദ്രന് കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണം കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ഒരു സാധാരണ ഫോൺ കോൾ ആയിരിക്കും എന്നാണ് അദ്ദേഹം കരുതിയത്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പിറ്റേന്ന് രാവിലെ സിൽക്ക് സ്മിതയുടെ മരണവാര്‍ത്തയാണ് തേടിയെത്തിയത്. ചെന്നൈയിലെ വീട്ടിൽ വച്ച് അവര്‍ ജീവനൊടുക്കുകയായിരുന്നു. മരിക്കുമ്പോൾ അവര്‍ക്ക് 35 വയസായിരുന്നു. ഇൻഡസ്ട്രിയിൽ തനിക്ക് ഏറ്റവും ബഹുമാനവും സൗഹൃദവും നൽകിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു രവിചന്ദ്രൻ. വ്യക്തിപരമായ ചില വലിയ പ്രതിസന്ധികൾ നേരിട്ട ആ സമയത്ത്, സഹായത്തിനായോ മനസ് തുറന്ന് സംസാരിക്കാനോ ആകാം സിൽക് അദ്ദേഹത്തെ വിളിച്ചത്. "അന്ന് ഞാൻ ആ ഫോൺ എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ അവരെ രക്ഷിക്കാമായിരുന്നു" എന്ന് രവിചന്ദ്രൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
വർഷങ്ങളോളം സിനിമാ നിർമ്മാതാക്കൾക്ക് സിൽക് സ്മിതയിൽ നിന്ന് എന്താണ് വേണ്ടതെന്ന് കൃത്യമായ നിശ്ചയമുണ്ടായിരുന്നു—ഒരു നൃത്തം, ഒരൊറ്റ രംഗം, അല്ലെങ്കിൽ വിതരണക്കാരെ ആകർഷിക്കാൻ പോസ്റ്ററിൽ അവരുടെ പേര്. എന്നാൽ ആ പേരിന് പിന്നിലെ യഥാർഥ സ്ത്രീയെ തിരിച്ചറിയാൻ ആരും ശ്രമിച്ചില്ല.
1960 ഡിസംബർ 2-ന് ആന്ധ്രാപ്രദേശിലെ കൊവ്വാലി ഗ്രാമത്തിൽ വഡ്‌ലപതി വിജയലക്ഷ്മിയായാണ് അവർ ജനിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള നിറഞ്ഞതായിരുന്നു കുടുംബം. നാലാം ക്ലാസ്സോടെ പഠനം അവസാനിച്ചു. 14-ാം വയസ്സിൽ പ്രായമുള്ള ഒരാളുമായി അവരുടെ വിവാഹവും കഴിഞ്ഞിരുന്നു. ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമുള്ള പീഡനങ്ങൾ സഹിക്കാനാകാതെ ആ ബന്ധം ഉപേക്ഷിച്ചു. ചെന്നൈയിലെത്തി ടച്ച്-അപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തു.
1979ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത 'ഇണയെത്തേടി' യിലൂടെ ആണ് പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തുന്നത്. വിജയലക്ഷ്മിയെന്ന പേരു മാറ്റി സിനിമക്ക് വേണ്ടി സ്മിത എന്ന പേരു കൊടുത്തതും ആന്റണിയാണ്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
വണ്ടിച്ചക്രത്തിന്റെ വിജയത്തേത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങളിൽ സ്മിത വേഷമിട്ടു. ദക്ഷിണേന്ത്യൻ സിനിമയുടെ ആദ്യത്തെ ഗ്ലാമർ ഗേൾ എന്ന് അറിയപ്പെട്ട സ്മിതയുടെ നൃത്ത രംഗങ്ങൾക്ക് സൂപ്പർസിനിമാനടിമാരേക്കാൾ കൂടുതൽ പ്രതിഫലം ലഭ്യമായിരുന്നു. നൃത്തം പ്രൊഫഷണലായി അഭ്യസിച്ചിരുന്നില്ലെങ്കിലും ഗ്ലാമർ രംഗങ്ങളിലെ സിൽക്കിന്റെ ഡാൻസുകളും സാന്നിധ്യവും സിനിമകളുടെ വിജയങ്ങൾക്ക് അഭിവാജ്യഘടകങ്ങളായി മാറി. 'സിൽക്ക് സിൽക്ക് സിൽക്ക്' എന്ന് സ്മിത മൂന്ന് റോളുകളിൽ അഭിനയിച്ച സിനിമയും രംഗത്തെത്തി. ബാലു മഹേന്ദ്രയുടെ മൂന്‍ട്രാം പിറൈ എന്ന ചിത്രത്തിലും ഹിന്ദി റീമേക്കായ സദ്മ എന്ന ചിത്രത്തിലും സ്മിത അഭിനയിച്ചിട്ടുണ്ട്.
മരണശേഷം അവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പ് കടുത്ത മാനസിക മ്മര്‍ദം അനുഭവിച്ചിരുന്നുവെന്നതിന്‍റെ തെളിവായിരുന്നു. കുറിപ്പിന്റെ ചില ഭാഗങ്ങൾ വായിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നു ചില റിപ്പോർട്ടുകൾ.ഒരു നടിയാകാൻ താൻ കഠിനമായി പരിശ്രമിച്ചെന്നും എന്നാൽ ആളുകൾ തന്നിലെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുകയായിരുന്നു എന്നും സിൽക് സ്മിത വിവരിച്ചിരുന്നു. ഏകാന്തതയെക്കുറിച്ചും ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളെക്കുറിച്ചും,വിവാഹിതയായി കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും കുറിച്ചിരുന്നു.