ബോഡി ഷെയ്മിങ്ങിന് ഇരയായി, ട്രോളുകളൊന്നും എന്നെ തകർക്കില്ലെന്ന് ബിപാഷ ബസു

സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വിചിത്രമാണെന്ന് ബിപാഷ പറഞ്ഞു

Update: 2026-09-06 03:39 GMT
Editor : Hafeesa .P.K | By : Web Desk

ഒരു കാലത്ത് ബോളിവുഡിലെ ഫിറ്റ്നസ് നായികമാരിൽ മുൻനിരയിലുണ്ടായിരുന്നു ബിപാഷ ബസു. ബിപാഷയുടെ ലൈഫ്‌സ്‌റ്റൈലിനെയും ദിനചര്യയെയും ആരാധകർ ഏറെ പ്രശംസിച്ചിരുന്നു.

എന്നാൽ പ്രസവാനന്തരം താൻ കടുത്ത ട്രോളുകൾക്കാണ്  ഇരയായെന്ന് നടി പറഞ്ഞു. എല്ലി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം പങ്കുവെച്ചത്.പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറല്ലെന്നും ഉടൻ തന്നെ പഴയ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്നാണ് സ്ത്രീകളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ബിപാഷ പറഞ്ഞു. 2022 നവംബർ 12നാണ് ബിപാഷയ്ക്കും ഭർത്താവ് കരൺ സിങ് ഗ്രോവറിനും മകൾ ജനിച്ചത്.

Advertising
Advertising

സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വിചിത്രമാണെന്ന് ബിപാഷ പറഞ്ഞു. 40കളിലുള്ള സ്ത്രീകളും 20കളിലെ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്ന വാദം ശരിയല്ലെന്നും അതിന് സാധിച്ചില്ലെങ്കിൽ കടുത്ത ട്രോളിങ്ങിന് ഇരയാകേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.

പ്രസവശേഷം തനിക്ക് വലിയ തോതിൽ ട്രോളുകൾ  നേരിടേണ്ടിവന്നതായും ബിപാഷ പറഞ്ഞു. ചില പാപ്പരാസികൾ വളരെ മോശമായ രീതിയിൽ തന്റെ ചിത്രങ്ങൾ പകർത്തിയെന്നും അവർ ആരോപിച്ചു.

കുഞ്ഞിനെയും കുടുംബത്തെയും ജീവിതശൈലിയെയും വ്യക്തിപരമായ സമ്മർദങ്ങളെയും കൈകാര്യം ചെയ്യുന്നതിനിടെ ഒരു സ്ത്രീ നടത്തുന്ന പരിശ്രമങ്ങൾ ആരും പരിഗണിക്കുന്നില്ലെന്നും ബിപാഷ പറഞ്ഞു. എല്ലാവരും ഉടൻ പഴയ രൂപത്തിലേക്ക് തിരിച്ചെത്തണമെന്ന് മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

താൻ ആത്മവിശ്വാസമുള്ള വ്യക്തിയായതിനാൽ ട്രോളുകളൊന്നും  തന്നെ തകർക്കില്ലെന്നും ബിപാഷ വ്യക്തമാക്കി. തന്റെ ജീവിതത്തെക്കുറിച്ചും  ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ ബാധിക്കില്ലെന്നും അവർ  കൂട്ടിച്ചേർത്തു.

Tags:    

Writer - Hafeesa .P.K

contributor

Editor - Hafeesa .P.K

contributor

By - Web Desk

contributor

Similar News