വെള്ളിത്തിരയിൽ മാത്രമല്ല കൃഷിയിലും സൂപ്പർസ്റ്റാർ; വീട്ടിലെ 70% പച്ചക്കറിയും സ്വന്തം ബാൽക്കണിയിൽ!; മാധവന്റെ മിനി ഗ്രീൻ ഫാം വൈറലാകുന്നു
വഴുതനങ്ങ, വെണ്ട, തക്കാളി, ബ്രോക്കോളി, വെള്ളരിക്ക, പാവയ്ക്ക എന്നിവയാണ് ഇപ്പോൾ താരത്തിന്റെ ബാൽക്കണിയിൽ വിളയുന്നത്
വെള്ളിത്തിരയിൽ മാത്രമല്ല, കൃഷിയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഏവരുടേയും പ്രിയപ്പെട്ട താരം ആർ. മാധവൻ. മുംബൈയിലെ 17.5 കോടി രൂപ വിലമതിക്കുന്ന തന്റെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയെയാണ് താരം ഒരു മിനി ജൈവകൃഷിയിടമാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളുടെ 70 ശതമാനവും സ്വന്തം കൃഷിയിടത്തിലാണ് താരം ഉൽപ്പാദിപ്പിക്കുന്നത്.
സിനിമയുടെ തരകഥാ ചർച്ചകളുമായി ബന്ധപ്പെട്ട് വെറുതെ ഇരിക്കുന്ന സമയത്താണ് ഇത്തരമൊരു ആലോചന വന്നതെന്നും വിഷമുക്തമായ പച്ചക്കറികൾ ലഭിക്കുന്നതിനാണ് കൃഷി തുടങ്ങിയതെന്നും ആദ്യം ചെറിയ രീതിയിൽ തുടങ്ങിയത് പിന്നീട് ഹോബിയായി മാറുകയായിരുന്നെന്നും താരം മുമ്പ് പറഞ്ഞിരുന്നു. തന്റെ കിടപ്പുമുറിയുടെ ബാൽക്കണിയിൽ വിളഞ്ഞുനിൽക്കുന്ന ജൈവ പച്ചക്കറികളുടെ ചിത്രം മുമ്പ് മാധവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. വഴുതനങ്ങ, വെണ്ട, തക്കാളി, ബ്രോക്കോളി, വെള്ളരിക്ക, പാവയ്ക്ക എന്നിവയാണ് ഇപ്പോൾ താരത്തിന്റെ ബാൽക്കണിയിലുള്ളത്.
സാധാരണ കൃഷിക്ക് ആവശ്യമായ വെള്ളത്തിന്റെ 20ൽ ഒരു ഭാഗം മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്ന് മാധവൻ വ്യക്തമാക്കിയിരുന്നു. വരൾച്ച ഉണ്ടാകുന്ന സമയങ്ങളിൽ പോലും സ്വയം പര്യാപ്തത കൈവരിക്കാൻ ഇത്തരം കൃഷിരീതികൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറയുന്നു. വെള്ളമില്ലെന്ന് പറഞ്ഞ് കൃഷി ചെയ്യാതിരിക്കുന്നവർക്ക് പ്രചോദനമാകുകയാണ് താരം. തമിഴ്‌നാട്ടിലെ പളനിക്കടുത്ത് തരിശായി കിടന്ന ഭൂമി വാങ്ങി ജൈവരീതികളും പരമ്പരാഗത കൃഷിരീതികളും സമന്യയിപ്പിച്ച് മാധവനും സഹോദരൻ സുബയോഗനും ചേർന്ന് തെങ്ങിൻതോപ്പാക്കി മാറ്റിയതും മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു.