Writer - രാഗേന്ദു പി.ആർ
Web Journalist
മലയാളി മനസുകളില്‍ നോവായി തുടരുന്ന സിനിമയാണ് ഡെന്നീസ് ജോസഫ് കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ 'ആകാശദൂത്'. മാധവിയും മുരളിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ 'ആനി-ജോണി ദമ്പതി'കളുടെ മൂത്തമകളായെത്തിയത് നടി സീന ആന്റണിയാണ്.
അതിഗംഭീരമായി സീന അവതരിപ്പിച്ച 'മീനു' എന്ന കഥാപാത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നും ഒരു വിങ്ങലാണ്. ഇപ്പോള്‍ മീനുവായി ആദ്യം കാസ്റ്റ് ചെയ്തത് മഞ്ജു വാര്യരെയാണെന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ പ്രേം പ്രകാശ്. എംപയര്‍ ടോക്സിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സീന ആന്റണി ഒക്കെ നമ്മളെ ഒത്തിരി കരയിപ്പിച്ചതാ. ഗുരുത്വത്തിന് ആ പിള്ളേരെയൊക്കെ കറക്റ്റായിട്ട് കിട്ടി. മുരളിയാണ് സീന ആന്റണിയെ കുറിച്ച് തങ്ങളോട് പറഞ്ഞത്. മുരളിക്കൊപ്പം അവളൊരു ചെറിയ വേഷം മുമ്പ് ചെയ്തിട്ടുണ്ടെന്നും പ്രേം പ്രകാശ് പറഞ്ഞു.
'ശരിക്കും ആ കഥാപാത്രത്തിനായി ഞങ്ങള്‍ മഞ്ജു വാര്യരെ ആയിരുന്നു തീരുമാനിച്ചിരുന്നത്. ആ ഫോട്ടോ എന്റെ കൈയില്‍ ഇപ്പോഴുമുണ്ട്. അന്ന് പത്രത്തിലാണ് ഞങ്ങള്‍ പരസ്യം ചെയ്തത്. അതുകണ്ട് മഞ്ജു ഫോട്ടോ അയക്കുകയായിരുന്നു. അന്ന് മഞ്ജു സ്‌കൂളില്‍ പഠിക്കുകയാണ്. പരീക്ഷ സമയമമാണെന്നും അതുകൊണ്ട് വരാന്‍ പറ്റില്ലെന്നും മഞ്ജു പറഞ്ഞു. ആകാശദൂത് ശരിക്കും മഞ്ജുവിന്റെ ആദ്യ സിനിമ ആകേണ്ടതായിരുന്നു,' എന്നും പ്രേം പ്രകാശ് പറഞ്ഞു.
സിനിമയിലെ അവസാനരംഗം റീ-ഷൂട്ട് ചെയ്തതാണെന്നും ആകാശദൂതില്‍ ആരാണ് അഭിനയിക്കാത്തതെന്നും ജീവിക്കുകയായിരുന്നു എന്നും പ്രേം പ്രകാശ് കൂട്ടിച്ചേര്‍ത്തു. 1993ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാധവി പിന്തള്ളപ്പെട്ടത് മാധവിയുടെ തന്നെ കുഴപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ കഥാപാത്രത്തിന് രോഗം സ്ഥിരീകരിച്ചതിന് ശേഷമെങ്കിലും മേക്കപ്പ് കുറയ്ക്കാന്‍ സിബി മലയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാധവി അതിന് തയ്യാറായില്ലെന്നും പ്രേം പ്രകാശ് പറഞ്ഞു. അന്നത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം മണിച്ചിത്രത്താഴിലെ അഭിനയത്തിന് ശോഭനയാണ് നേടിയാണ്. മേധാവിയായിരുന്നു മികച്ച രണ്ടാമത്തെ നടി.