ഇന്ത്യൻ വിദ്യാർഥികൾക്ക് പണി കിട്ടുമോ? വിസ നിയമങ്ങളിൽ മാറ്റം വരുത്തി അമേരിക്ക

വിദേശ വിദ്യാർഥികൾക്കും ഗവേഷകർക്കും മാധ്യമപ്രവർത്തകർക്കും ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയമങ്ങൾ അമേരിക്ക കർശനമാക്കുന്നു

Update: 2026-07-22 10:31 GMT

വിദേശ വിദ്യാർഥികൾക്കും ഗവേഷകർക്കും മാധ്യമപ്രവർത്തകർക്കും ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയമങ്ങൾ അമേരിക്ക കർശനമാക്കുന്നു. പുതിയ മാറ്റങ്ങൾ പ്രകാരം എഫ്-1, ജെ-1 വിസകളുടെ കാലാവധി നാല് വർഷമായി പരിമിതപ്പെടുത്തുകയാണ്. ഈ മാറ്റങ്ങൾ സെപ്റ്റംബർ 15ന് പ്രാബല്യത്തിൽ വരും. ഈ പശ്ചാത്തലത്തിൽ, അവധിയിലോ മറ്റോ അമേരിക്കയ്ക്ക് പുറത്തുപോയ വിദ്യാർഥികളോട് സെപ്റ്റംബർ 15ന് മുൻപായി തിരികെ ക്യാമ്പസുകളിൽ എത്താൻ അമേരിക്കൻ സർവകലാശാലകൾ അടിയന്തര നിർദേശം നൽകിയിരിക്കുകയാണ്. പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നും ഇത് വിദ്യാർഥികളെ എങ്ങനെ ബാധിക്കുമെന്നും വിശദമായി പരിശോധിക്കാം.

Advertising
Advertising

എന്താണ് പുതിയ വിസ നിയമം?

വർഷങ്ങളായി അമേരിക്കയിൽ നിലനിന്നിരുന്ന 'ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്' സംവിധാനമാണ് പുതിയതായി റദ്ദാക്കുന്നത്. ഇതിനുപകരം നിശ്ചിത കാലാവധിയുള്ള വിസ സമ്പ്രദായം വരും. പുതിയ നിയമപ്രകാരം, എഫ്-1, ജെ-1 വിസകളിലെത്തുന്ന വിദ്യാർഥികൾക്കും എക്സ്ചേഞ്ച് സന്ദർശകർക്കും പരമാവധി നാല് വർഷം മാത്രമേ അമേരിക്കയിൽ തുടരാൻ സാധിക്കൂ. കോഴ്സ് കാലാവധി നാല് വർഷത്തിന് മുകളിലാണെങ്കിൽ, വിസ നീട്ടിക്കിട്ടുന്നതിനായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ പ്രത്യേക അനുമതിക്ക് നേരിട്ട് അപേക്ഷിക്കണം. നേരത്തെ സർവകലാശാലകൾക്ക് തന്നെ ഇതിനുള്ള അധികാരം ഉണ്ടായിരുന്നു.

ഗ്രേസ് പീരിയഡ് 30 ദിവസമായി ചുരുക്കി

പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടരാനോ, മറ്റൊരു വിസയിലേക്ക് മാറാനോ മുമ്പ് 60 ദിവസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചിരുന്നു. പുതിയ നിയമം വരുന്നതോടെ ഇത് 30 ദിവസമായി വെട്ടിച്ചുരുക്കി. ഈ 30 ദിവസത്തിനുള്ളിൽ പുതിയ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണം. കോഴ്സുകളോ പഠനവിഷയങ്ങളോ ഇടയ്ക്കുവെച്ചു മാറ്റുന്നതിനും പുതിയ നിയമത്തിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്.

സർവകലാശാലകൾ വിദ്യാർഥികളെ തിരികെ വിളിക്കുന്നത് എന്തുകൊണ്ട്?

സെപ്റ്റംബർ 15നാണ് പുതിയ നിയമം നിലവിൽ വരുന്നത്. പഴയ സംവിധാനത്തിൽ നിന്നും പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം വിസ സംബന്ധമായ നിരവധി സാങ്കേതിക സങ്കീർണതകൾ സൃഷ്ടിച്ചേക്കാം. അതിനാൽ നിലവിൽ രാജ്യത്തിന് പുറത്തുള്ള വിദ്യാർഥികൾ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപായി അമേരിക്കയിൽ മടങ്ങിയെത്താനാണ് കൊളംബിയ ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകൾ നിർദേശം നൽകിയിരിക്കുന്നത്.

ഇന്ത്യൻ വിദ്യാർഥികളെ ഇത് എങ്ങനെ ബാധിക്കും?

അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനാൽ ഈ നിയമം വലിയ രീതിയിൽ ബാധിക്കുന്നതും ഇന്ത്യൻ വിദ്യാർഥികളെയാണ്. പ്രധാനമായും ബാധിക്കുന്നത് പിഎച്ച്ഡി, ദീർഘകാല സയൻസ്-എൻജിനീയറിങ് കോഴ്സുകൾ ചെയ്യുന്നവരെയാണ്. ഇത്തരം കോഴ്സുകൾ പൂർത്തിയാക്കാൻ സാധാരണയായി അഞ്ചോ ആറോ വർഷമെടുക്കും. എന്നാൽ നാല് വർഷം കഴിയുമ്പോൾ വിസ കാലാവധി നീട്ടിക്കിട്ടാൻ വീണ്ടും അപേക്ഷിക്കുകയും കൂടുതൽ ഫീസ് അടയ്ക്കുകയും ബയോമെട്രിക് - പശ്ചാത്തല പരിശോധനകൾക്ക് വിധേയരാകുകയും വേണം. വിസ നീട്ടിക്കിട്ടുന്ന കാര്യത്തിൽ സർക്കാരിന്റെ പൂർണ നിയന്ത്രണം വരുന്നതോടെ പഠനം പൂർത്തിയാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വിദ്യാർഥികൾക്കിടയിൽ ഇത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News