3 വർഷമായി കോമയിൽ; തായ്‌ലാൻഡിന്റെ 'ഉറങ്ങുന്ന' രാജകുമാരി
ഹൃദയസംബന്ധിയായ അസുഖം മൂലം കുഴഞ്ഞുവീണതാണ് തായ് രാജകുമാരി ഭാ... പിന്നീട് മൂന്ന് വർഷങ്ങൾക്കിപ്പുറവും അവർ കോമയിൽ നിന്ന് എഴുന്നേറ്റിട്ടില്ല
സ്ലീപിങ് ബ്യൂട്ടി എന്ന ക്ലാസിക് ഫെയറി ടെയ്ൽ കാണാത്തവർ ചിലപ്പോൾ ചുരുക്കമാവും. അല്ലെങ്കിൽ ആ ഉറങ്ങുന്ന രാജകുമാരിയുടെ കഥയെങ്കിലും വായിച്ചിട്ടുണ്ടാവും നമ്മളെല്ലാവരും തന്നെ. യൂറോപ്പിൽ പ്രസിദ്ധമായിരുന്ന ഒരു നാടോടിക്കഥ ആസ്പദമാക്കി ഡിസ്‌നി ഒരുക്കിയ ആനിമേഷൻ ചിത്രമായിരുന്നു സ്ലീപ്പിങ് ബ്യൂട്ടി. ഒരു ശാപത്തെ തുടർന്ന് അറോറ എന്ന രാജകുമാരി 100 വർഷത്തെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും പിന്നീട് ഒരു ചുംബനം കൊണ്ട് അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇതുപോലെ ഒരു റിയൽ ലൈഫ് സ്ലീപിങ് ബ്യൂട്ടി ഉണ്ട് ഈ ലോകത്ത്. തായ്‌ലാൻഡിന്റെ കിരീടാവകാശിയായ ബജ്‌റകിതിയാഭ നരേന്ദിര ദേബ്യാവതി എന്ന ഭാ രാജകുമാരി. കഴിഞ്ഞ മൂന്ന് വർഷമായി ഗാഢനിദ്രയിലാണ് ഭാ. ഹൃദയസംബന്ധിയായ അസുഖം മൂലം കുഴഞ്ഞുവീണ ഇവർ ഇന്നേവരെ കോമയിൽ നിന്ന് എഴുന്നേറ്റിട്ടില്ല. തന്റെ പ്രിയപുത്രി എന്നെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയിലാവാം ഇതുവരെ തായ്‌ലാൻഡ് രാജാവ് മറ്റൊരു കിരീടാവകാശിയെ പ്രഖ്യാപിച്ചിട്ടുമില്ല.
തായ്‌ലാൻഡിന്റെ നിലവിലെ രാജാവ് മഹാ വജിരലോങ്കോണിന്റെയും അദ്ദേഹത്തിന്റെ നാല് പത്‌നിമാരിൽ മൂത്തയാളായ സോംസാവാലിയുടെയും ഏകപുത്രിയാണ് ഭാ രാജകുമാരി. സ്ഥാനപ്രകാരം തായ്‌ലാൻഡിന്റെ അടുത്ത ചക്രവർത്തിനി.
1978 ഡിസംബർ 7ന് ബാങ്കോങ്ങിൽ ജനിച്ച ഭാ, ഇംഗ്ലണ്ടിലും യുഎസിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ അവർ തായ്‌ലാൻഡിന്റെ അറ്റോർണി ജനറൽ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രിയയിലും സ്ലോവാക്യയിലും തായ്‌ലാൻഡിന്റെ നയതന്ത്രപ്രതിനിധി ആയിരുന്നു ഭാ. ഐക്യരാഷ്ട്രസഭയുടെ വിമൻ, ഡ്രഗ്‌സ് ആൻഡ് ക്രൈം എന്നീ വിഭാഗങ്ങളിലും പ്രവർത്തിച്ചു.
രാജ്യത്തിന്റെ ഐശ്വര്യം എന്നൊക്കെ പറയാവുന്ന തരത്തിൽ, എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ഭാ രാജാവിന്റെ എഴ് മക്കളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. അതുകൊണ്ട് തന്നെയാവാം തന്റെ സെക്യൂരിറ്റി കമാൻഡ് യൂണിറ്റിൽ ഭായ്ക്ക് ജനറൽ റാങ്ക് നൽകിയിരുന്നു വജിരലോങ്കോൺ. 2022 വരെ റോയൽ സെക്യൂരിറ്റി ഗാർഡിൽ ജനറൽ ആയിരുന്നു ഭാ.
2022 ഡിസംബർ 14ന് വൈകുന്നേരം തന്റെ നായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടെ പെട്ടെന്നാണ് ഭാ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഫസ്റ്റ് എയ്ഡ് നൽകി പാക് ചോങ് നന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വ്യോമമാർഗം ബാങ്കോങ്ങിലെ ചുലാലോങ്കോൺ മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചു. അന്ന് തൊട്ടിന്നുവരെ കോമയിൽ തന്നെ തുടരുകയാണ് ഇവർ.
ഹൃദയസംബന്ധിയായ അസുഖം ആണെന്നതല്ലാതെ, രാജകുമാരിയുടെ അസുഖത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ രാജകുടുംബം പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ഭായ്ക്ക് രക്തത്തിൽ അണുബാധയുണ്ടായതായി തായ്‌ലാൻഡ് രാജകുടുംബം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിരുന്നു. കൂടെക്കൂടെ അണുബാധയുണ്ടാകുന്നതിനാൽ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടർമാർ എന്നും പ്രസ്താവനയിൽ കുടുംബം വ്യക്തമാക്കി. കരളും വൃക്കകളും പ്രവർത്തിക്കാനുള്ള ഉപകരണങ്ങളടക്കം ഘടിപ്പിച്ചാണ് നിലവിൽ ഭായുടെ ജീവൻ നിലനിർത്തുന്നത്. അണുബാധയെ ചെറുക്കാൻ ആന്റിബയോട്ടിക്കുകളും നൽകുന്നുണ്ട്.
രാജകുമാരി കോമയിലാണെങ്കിലും രാജ്യത്തിന് മറ്റൊരു കിരീടാവകാശിയെ ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല എന്ന നിലപാടിലാണ് തായ് രാജാവ് എന്നാണ് വിവരം. പക്ഷേ രാജ്യകാര്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയോ രാഷ്ട്രീയത്തിൽ ഇടപെടുകയോ ചെയ്തിരുന്ന വ്യക്തിയല്ല പ്രിൻസസ് ഭാ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജനിയമങ്ങളുടെ പരിഷ്‌കരണം ആവശ്യപ്പെട്ട് 2020ൽ തായ്‌ലാൻഡിൽ വൻ പ്രക്ഷോഭം നടന്നപ്പോഴും മൗനം പാലിച്ചിട്ടേ ഉള്ളൂ ഭാ.
ക്രമമനുസരിച്ച് ഭാ അധികാരമേല്ക്കുകയാണെങ്കിൽ തായ്‌ലാൻഡിന്റെ ആദ്യ ചക്രവർത്തിനിയാകും അവർ. രാജ്ഞി അടക്കമുള്ള പദവികൾ തായ് രാജസ്ത്രീകൾക്കുണ്ടെങ്കിലും ഇതുവരെ ഭരണതലപ്പത്ത് രാജകുടുംബത്തിലെ ഒരു സ്ത്രീയും എത്തിയിട്ടില്ല. ഭാ കോമയിൽ ആയതുകൊണ്ട് തന്നെ, ഈ സ്ഥാനത്തേക്ക് ഇനിയൊരു സ്ത്രീ വരുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. തായ് രാജകുടുംബത്തിലെ പരമ്പരാഗത നിയമപ്രകാരം രാജാവിന്റെ മൂത്ത മകനാണ് അടുത്ത കിരീടാവകാശി. എന്നാൽ 1974ൽ കിരീടാവകാശം മൂത്ത പെൺമക്കൾക്കും നൽകാമെന്ന് ഭരണഭേദഗതി ഉണ്ടായി. ഇതോടോയാണ് മൊണാർക്ക് പദവിയിലേക്ക് ഭായ്ക്കും അവകാശമുണ്ടായത്.
2016ൽ ഭരണത്തിലേറിയത് മുതൽ ഇന്നേവരെ കിരീടാവകാശിയുടെ കാര്യത്തിൽ തായ് രാജാവ് ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ, ഭാ രാജകുമാരിയെ കിരീടാവകാശിയായി കണക്കാക്കി വരികയായിരുന്നു ജനങ്ങൾ. രാജാവ് മറുത്തൊരു തീരുമാനമെടുക്കാത്തതും കിരീടാവകാശി ഭാ തന്നെ എന്ന നിഗമനങ്ങൾക്ക് കാരണമായിരുന്നു.