'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ, തലക്ക് വില രണ്ടരക്കോടി'; ആറ് വയസുകാരനായ മകനെ കൊന്ന അമേരിക്കൻ പിടികിട്ടാപ്പുള്ളി ഇന്ത്യയിൽ പിടിയിൽ
പ്രതിയും കുടുംബവും താമസിച്ചിരുന്ന വീടിന്‍റെ തറയടക്കം പൊളിച്ച് പരിശോധിച്ചിട്ടും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല
ന്യൂഡൽഹി: അമേരിക്കയിലെ പത്ത് കൊടുംകുറ്റവാളികളിലൊരാളായ സിൻഡി റോഡ്രിഗസ് സിംഗ് ഇന്ത്യയില്‍ പിടിയില്‍. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ആണ് ഇന്ത്യന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊടുംകുറ്റവാളിയെ അറസ്റ്റ് ചെയ്തത്.
2022-ൽ ആറ് വയസ്സുള്ള മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ കൊലപ്പെടുത്തിയ കേസിൽ 40 കാരിയായ സിൻഡി റോഡ്രിഗസിനെ അമേരിക്കന്‍ പൊലീസ് തിരയുകയായിരുന്നു. കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ 2023 മാർച്ചിൽ പ്രതി അമേരിക്കയിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.
ശാരീരിക മാനസിക വെല്ലുവിളികളും വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു ആറ് വയസ്സുള്ള നോയൽ റോഡ്രിഗസ്-അൽവാരസ്.മാസം തികയാതെ ജനിച്ച് ആരോഗ്യപ്രശ്നങ്ങൾ ബാധിച്ച നോയലിനെ പ്രതി നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മാസങ്ങളായി നോയലിനെ കാണാതായതോടെ സംശയം തോന്നിയ ടെക്സസ് അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നോയല്‍ തന്‍റെ പിതാവിനൊപ്പം മെക്സിക്കോയിലാണെന്നായിരുന്നു സിൻഡി റോഡ്രിഗസ് സിംഗ് മറുപടി നല്‍കിയത്. 2022 നവംബർ മുതൽ മകന്‍ അവിടെയുണ്ടെന്നും പ്രതി അവകാശപ്പെട്ടു. എന്നാല്‍ ഇത് കള്ളമാണെന്ന് അന്വേഷണ ഉദ്യോസ്ഥര്‍ പിന്നീട് കണ്ടെത്തി.നോയലിനെ കണ്ടെത്താനായി അധികൃതര്‍ വലിയ പരിശോധനയാണ് നടത്തിയത്. പ്രതിയും കുടുംബവും താമസിച്ചിരുന്ന വീടിന്‍റെ തറയടക്കം പൊളിച്ച് പരിശോധിച്ചിട്ടും മൃതദേഹം കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യൻ വംശജനായ ഭർത്താവ് അർഷ്ദീപ് സിംഗിനും ആറ് കുട്ടികൾക്കുമൊപ്പം 2023 മാർച്ച് 22-ന് ഇന്ത്യയിലേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ നോയല്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.2023 ഒക്ടോബറോടെ, ടെക്സസ് ജില്ലാ കോടതി സിംഗിനെതിരെ വധശിക്ഷയടക്കമുള്ള കുറ്റം ചുമത്തുകയും ചെയ്തു.2023-ൽ എഫ്‌ബിഐയുടെ പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിലും ഇവരുടെ പേര് ചേര്‍ത്തു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 250,000 ഡോളര്‍ പാരിതോഷികവും പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത കാലത്ത് കൊടുംകുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഇത്.
സിൻഡിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. 190 ലധികം രാജ്യങ്ങളിൽ ഇവര്‍ക്ക് വേണ്ടി ഇന്‍റര്‍പോള്‍ അന്വേഷണം നടത്തി. ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി ഭാഷകളിൽ എഫ്ബിഐ വാണ്ടഡ് പോസ്റ്ററുകളും പ്രചരിപ്പിച്ചു. ഇന്ത്യയിലേക്ക് കടന്നുവെന്ന വിവരം കിട്ടിയതിന് പിന്നാലെ ഇവിടുത്തെ അധികൃതര്‍ക്കും മുന്നറിയിപ്പ് നല്‍കി.മാസങ്ങളോളം നടത്തിയ രഹസ്യാന്വേഷണത്തിന് പിന്നാലെയാണ് ഇവരെ എഫ്ബിഐ പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ അമേരിക്കയിലേക്ക് കൊണ്ടുപോയി.