'കെട്ടിടത്തിലും റോഡിലും വിള്ളല്‍' ; 113 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ പള്ളി ചക്രത്തില്‍ ഘടിപ്പിച്ച് മാറ്റി സ്ഥാപിക്കുന്നു

തൊട്ടടുത്തുള്ള ഇരുമ്പയിര് ഖനി വികസിപ്പിക്കാന്‍ തീരുമാനിച്ചതാണ് പള്ളിയുടെ നിലനില്‍പ്പിനെ ആശങ്കയിലാക്കിയത്

Update: 2025-08-21 07:16 GMT

സ്വീഡന്‍: സാങ്കേതിക മേഖല ദിനംപ്രതി വളരുകയാണ്. പലമേഖലകളിലും ഇത് വളരെ ഗുണപ്രദമാവുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചരിത്രപരമായ നിമിഷങ്ങള്‍ക്കാണ് സ്വീഡന്‍ സാക്ഷിയാകുന്നത്. ലാന്‍ഡ്മാര്‍ക്കിലെ 113 വര്‍ഷം പഴക്കമുള്ള ചര്‍ച്ച് മാറ്റി സ്ഥാപിക്കുകയാണ്. പ്രസിദ്ധമായ പള്ളി തകരാതിരിക്കാനാണ് അഞ്ച് കിലോമീറ്ററോളം പള്ളി പൊക്കിയെടുത്ത് റോഡിലൂടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്. ചക്രങ്ങള്‍ ഘടിപ്പിച്ച ട്രെയിലര്‍ ഉപയോഗിച്ചാണ് പള്ളി റോഡിലൂടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്.

113 വര്‍ഷം പഴക്കമുള്ള പ്രൗഢമായ കിരുണ പള്ളിയാണ് മാറ്റി സ്ഥാപിക്കുന്നത്. ട്രെയിലര്‍ വഴി മണിക്കൂറില്‍ 500 മീറ്റര്‍ വേഗതയിലാണ് പള്ളി സഞ്ചരിക്കുന്നത്. ഏകദേശം 23,000 ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് കിരുണ. പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ഇരുമ്പയിര് ഖനി വികസിപ്പിക്കാന്‍ തീരുമാനിച്ചതാണ് പള്ളിയുടെ നിലനില്‍പ്പിന് പ്രശ്‌നമായത്. ഖനിയുടെ ആഴം വര്‍ധിച്ചതനുസരിച്ച് സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളിലും റോഡുകളിലും വിള്ളലുകള്‍ ദൃശ്യമായി തുടങ്ങി.

Advertising
Advertising

1365 മീറ്റര്‍ ആഴത്തിലേക്ക് ഖനി എത്തുമ്പോഴേക്കും നഗരം ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നേക്കുമെന്നത് ആശങ്കയുണ്ടായി. കെട്ടിടങ്ങള്‍ക്കടിയില്‍ ഖനനം നടത്തുന്നത് സ്വീഡനിലെ നിയമങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ കെട്ടിടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഖനി വികസിപ്പിക്കാന്‍ അവ മാറ്റി സ്ഥാപിക്കാം എന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഖനനം ബാധിക്കാത്ത അകലത്തിലേക്ക് കെട്ടിടങ്ങള്‍ എത്തിച്ചു തുടങ്ങി. ഇതിനകം നഗരത്തിലെ 25 കെട്ടിടങ്ങള്‍ ഇത്തരത്തില്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിരുണാ പള്ളി മാറ്റിസ്ഥാപിക്കുന്ന പ്രവര്‍ത്തി വളരെ സങ്കീര്‍ണമാണ്.

672 ടണ്ണാണ് നിര്‍മിതിയുടെ ഭാരം. 40 മീറ്റര്‍ വീതിയുമുണ്ട്. ഈ കൂറ്റന്‍ പള്ളി കൊണ്ടുപോകാന്‍ വഴിയൊരുക്കുന്നതിനായി ഖനി നടത്തിപ്പുകാര്‍ക്ക് നഗരത്തിലെ പ്രധാന റോഡിന്റെ വീതി 9 മീറ്ററില്‍ നിന്ന് 24 മീറ്ററായി വര്‍ധിപ്പിക്കേണ്ടി വന്നു. ഇതിനുപുറമേ ഒരു മേല്‍പാലം മുഴുവനായി പൊളിച്ചു നീക്കി ഇന്റര്‍സെക്ഷനും തയാറാക്കി.

കേടുപാടുകള്‍ കൂടാതെ പള്ളി അതേ നിലയില്‍ ഉയര്‍ത്തിയെടുക്കാന്‍ പള്ളിക്ക് ചുറ്റുമുള്ള മണ്ണ് മാറ്റി അടിയില്‍ വമ്പന്‍ ബീമുകള്‍ ഘടിപ്പിച്ചു. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന 220 ചക്രങ്ങളുള്ള ട്രെയിലറാണ് പള്ളി കൊണ്ടുപോകുന്നതിനായി തയാറാക്കിയത്. നിലംപറ്റി കിടക്കുന്ന തരത്തിലുള്ള ട്രെയിലറില്‍ മണിക്കൂറില്‍ ഏതാണ്ട് അര കിലോമീറ്റര്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ വേഗതയിലാണ് പള്ളി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

പള്ളിയുടെ പ്രാധാന്യം അത്രത്തോളമുള്ളതുകൊണ്ടുതന്നെ കേടുപാടുകള്‍ ഒന്നും ഉണ്ടാവരുത് എന്ന ചിന്തയില്‍ രണ്ടുദിവസങ്ങളിലായാണ് 12 മണിക്കൂര്‍ സമയമെടുക്കുന്ന യാത്ര പൂര്‍ത്തിയാക്കുന്നത്. ചരിത്ര സംഭവമെന്നാണ് എല്‍കെബിയുടെ പ്രൊജക്ട് മാനേജര്‍ ഈ യാത്രയെ വിശേഷിപ്പിച്ചത്.

' ഇതൊരു ചരിത്ര നിമിഷമാണ്. വളരെ വലുതും സങ്കീര്‍ണവുമായ പ്രവര്‍ത്തിയാണ്. ഞങ്ങള്‍ക്ക് ഒരു പിഴവുമില്ല. എല്ലാം ഞങ്ങളുടെ നിയന്ത്രണത്തിലാണ്,' സ്റ്റെഫാന്‍ ഹോംബ്ലാഡ് പറഞ്ഞു. ദ ഗ്രേറ്റ് ചര്‍ച്ച വോക്ക് എന്ന പേരില്‍ സ്വീഡന്‍ മാധ്യമങ്ങള്‍ ഈ യാത്ര ലൈവ്‌സ്ട്രീം ചെയ്യുന്നുണ്ട്. ഏകദേശം 5.2 കോടി ഡോളറാണ് (452.57കോടി രൂപ) പള്ളി മാറ്റി സ്ഥാപിക്കുന്നതിന് മാത്രം വേണ്ടിവരുന്ന ചെലവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News