മുൻ ഫലസ്തീൻ ബാസ്‌ക്കറ്റ്‌ബോൾ താരം മുഹമ്മദ് ഷാലാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

വൃക്ക രോഗവും രക്തത്തിലെ അണുബാധയും മൂലം ചികിത്സയിൽ കഴിയുന്ന മകൾക്ക് മരുന്നും ഭക്ഷണവും തേടി സഹായവിതരണ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഷാലാനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.

Update: 2025-08-21 12:03 GMT

ഗസ്സ: ഫലസ്തീന്റെ മുൻ ദേശീയ ബാസ്‌ക്കറ്റ്‌ബോൾ താരം മുഹമ്മദ് ഷാലാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ തന്റെ കുടുംബത്തിനായി ഭക്ഷണം വാങ്ങാൻ സഹായവിതരണ കേന്ദ്രത്തിൽ കാത്തിരിക്കുമ്പോഴാണ് ഇസ്രായേൽ സൈന്യം ഷാലാനെ വെടിവെച്ചു കൊലപ്പെടുത്തിയത്. വൃക്ക രോഗവും രക്തത്തിലെ അണുബാധയും മൂലം ചികിത്സയിൽ കഴിയുന്ന മകൾക്ക് മരുന്നും ഭക്ഷണവും തേടിയാണ് ഷാലാൻ സഹായവിതരണ കേന്ദ്രത്തിൽ എത്തിയത്.

''ഫലസ്തീൻ ബാസ്‌കറ്റ്‌ബോൾ താരം മുഹമ്മദ് ഷാലാൻ തന്റെ കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഖാൻ യൂനിസിലെ ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന് ഞങ്ങൾ അഗാധമായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. വൃക്ക രോഗവും അണുബാധയും മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന ആറുവയസുകാരി മറിയം അടക്കം ആറ് മക്കളെ വിട്ടാണ് അദ്ദേഹം പോയത്''- ഫലസ്തീനിയൻ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

അൽ ബുറൈജ് സർവീസസ് ബാസ്‌ക്കറ്റ്‌ബോൾ ക്ലബ്ബിന്റെ താരമായിരുന്നു ഷാലാൻ. ഗസ്സ മുനമ്പിലെ ചാമ്പ്യൻഷിപ്പായ ബാസ്‌ക്കറ്റ്‌ബോൾ പ്രീമിയർ ലീഗിൽ ഷാലാന്റെ നേതൃത്വത്തിൽ ബുറൈജ് ക്ലബ് രണ്ടുതവണ ചാമ്പ്യൻമാരായിട്ടുണ്ട്.

അൽ മഗാസി സർവീസസ്, ഖാൻ യൂനിസ് സർവീസസ്, അൽ ഷാതി സർവീസസ്, ഗസ്സ സ്‌പോർട്‌സ്, വൈഎംസിഎ സർവീസസ്, ജബാലിയ സർവീസസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും ഷാലാൻ കളിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News