ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദേശം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ; സമവായ ചർച്ചക്കായി സംഘത്തെ അയക്കില്ലെന്നും തീരുമാനം

വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും ​​കെയ്റോയിലേക്കും സംഘത്തെ അയക്കില്ലെന്ന്​ സർക്കാർ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2025-08-22 02:07 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഗസ്സ സിറ്റിയിൽ ആക്രമണം കടുപ്പിച്ച ഇസ്രായേൽ, ഹമാസ്​ അംഗീകരിച്ച വെടിനിർത്തൽ നിർദേശം സ്വീകാര്യമല്ലെന്ന നിലപാടിൽ. വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും ​​കെയ്റോയിലേക്കും സംഘത്തെ അയക്കില്ലെന്ന്​ സർക്കാർ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബന്ദിമോചനവും വെടിനിർത്തലും ഉറപ്പാക്കാൻ ചർച്ചക്ക്​ തയാറാകാൻ നിർദേശം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. എന്നാൽ ഇസ്രായേൽ മുന്നോട്ടു വെക്കുന്ന ഉപാധികളുടെ പുറത്തല്ലാതെയുള്ള യുദ്ധവിരാമത്തിന്​ തയാറല്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഹമാസ്​ അംഗീകരിച്ച,യു.എസ്​ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​ സമർപ്പിച്ച താൽക്കാലിക വെടിനിർത്തൽ നിർദേശം സംബന്​ധിച്ച്​ എന്തെങ്കിലും പറയാൻ നെതന്യാഹു തയാറായില്ല. വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും കൈറോയിലേക്കും സംഘത്തെ അയക്കേണ്ടതില്ലെന്ന്​ സർക്കാർ തീരുമാനിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

Advertising
Advertising

അതിനിടെ,അറുപതിനായിരം റിസർവ്​ സൈനികരെ റിക്രൂട്ട്​ ചെയ്തും സൈനിക സന്നാഹങ്ങൾ വർധിപ്പിച്ചും ഗസ്സയെ കീഴ്​പ്പെടുത്താനുള്ള വിപുലമായ ആക്രമണ പദ്ധതിക്ക്​ തുടക്കം കുറിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. ഭക്ഷണത്തിന്​ കാത്തുനിന്ന 13 പേരുൾപ്പെടെ 43 പേരെ ഇസ്രായേൽ ഇന്നലെ കൊന്നുതള്ളി. 112 കുട്ടികൾ ഉൾപ്പെടെ 271 പേരാണ്​ ഇതുവരെ പട്ടിണി മൂലം ഗസ്സയിൽ കൊല്ലപ്പെട്ടത്​. കൂടുതൽ സഹായം ഉടൻ ലഭ്യമാക്കണമെന്ന്​ യുഎൻ സെക്രട്ടറി ജനറൽ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു.

വടക്കൻ ഗസ്സക്കു പിന്നാലെ ഗസ്സ സിറ്റിയിൽ നിന്നും ഫലസ്തീനികളെ പുറന്തള്ളാനുള്ള ആസൂത്രിത പദ്ധതികളാണ്​ ഇസ്രായേൽ ആരംഭിച്ചിരിക്കുന്നത്​. ആശുപത്രികളിൽ നിന്ന്​ മുഴുവൻ രോഗികളെയും തെക്കൽ ഗസ്സയിലേക്ക്​ മാറ്റാൻ ഇസ്രായേൽ സൈന്യം നിർദേശിച്ചു. ഇത്​ നൂറുകണക്കിന്​ രോഗികളുടെ മരണത്തിൽ കലാശിക്കുമെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. പത്ത്​ ലക്ഷത്തോളം പേർ താമസിക്കുന്ന ഗസ്സ സിറ്റിയിൽ നിന്ന്​ ആളുകളെ പുറന്തള്ളുന്ന പദ്ധതിയുമായി സഹകരിക്കണമെന്ന്​ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളോട്​ ഇസ്രായേൽ അഭ്യർഥിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News