'വിൻഡോ സീറ്റിലെ വിൻഡോ എവിടെ? നഷ്ടപരിഹാരം വേണം'; ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസുകള്‍ക്കെതിരെ കേസ് കൊടുത്ത് യാത്രക്കാര്‍
ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഒരു സമയത്തും വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റാണെന്ന മുന്നറിയിപ്പ് നല്‍കുന്നില്ലെന്നും യാത്രക്കാരുടെ പരാതിയിലുണ്ട്
ന്യൂയോർക്ക്: വിന്‍ഡോയില്ലാത്ത വിന്‍ഡോ സീറ്റുകള്‍ക്ക് പ്രീമിയം നിരക്ക് ഈടാക്കിയെന്നാരോപിച്ച് ഡെൽറ്റ എയർ ലൈൻസിനും യുണൈറ്റഡ് എയർലൈൻസിനും എതിരെ കേസ് ഫയൽ ചെയ്തു.സീറ്റുകളില്‍ വിന്‍ഡോ ഇല്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ അത് റിസര്‍വ് ചെയ്യാന്‍ തെരഞ്ഞെടുക്കുകയോ,കൂടുതല്‍ പണം നല്‍കുകയോ ചെയ്യില്ലായിരുന്നുവെന്നാണ് പരാതി.
യാത്രക്കാര്‍ക്ക് വേണ്ടി ന്യൂയോർക്കിലെ ഒരു നിയമ സ്ഥാപനമാണ് എയര്‍ലൈനുകള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.സാൻ ഫ്രാൻസിസ്കോയിലും ന്യൂയോർക്കിലുമായി ഈ ആഴ്ച രണ്ട് കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ യുണൈറ്റഡിനെതിരെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ഡെൽറ്റയ്‌ക്കെതിരെയും ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റിലിരിക്കാന്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് ഗ്രീൻബോം ഓൾബ്രാന്റ്സ് സ്ഥാപനം പ്രസ്താവനയിൽ അറിയിച്ചു. ഭൂരിഭാഗം അമേരിക്കക്കാരും ഏതെങ്കിലും ഘട്ടത്തിൽ വിമാനത്തില്‍ യാത്ര ചെയ്യുന്നവരാണ്. ഇവരില്‍ നല്ലൊരു ശതമാനവും വിന്‍ഡോ സീറ്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി ഇവര്‍ കൂടുതല്‍ പണം നല്‍കുകയും ചെയ്യുന്നുണ്ട്.
അലാസ്ക എയർലൈൻസും അമേരിക്കൻ എയർലൈൻസും ഉപഭോക്താക്കൾ അവരുടെ സീറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ഇത്തരം വിന്‍ഡോ സീറ്റുകളുടെ വിവരങ്ങൾ വെളിപ്പെടുത്താറുണ്ട്.എന്നാല്‍ ടിക്കറ്റ് എടുക്കുന്ന സമയത്ത് ഡെൽറ്റയും യുണൈറ്റഡും ഈ വിന്‍ഡോ സീറ്റുകള്‍ വിന്‍ഡോ സീറ്റുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും അതിനാല്‍ പലര്‍ക്കും നിരാശരാകേണ്ടി വരികയും ചെയ്യുന്നു. ഡെൽറ്റയും യുണൈറ്റഡും ഇത്തരം സീറ്റിനായി വന്‍ തുകയാണ് ഈടാക്കുന്നത്. എന്നാല്‍ കൂടുതല്‍ പണം നല്‍കിയെത്തുന്ന യാത്രക്കാര്‍ വിമാനത്തിന്‍റെ ചുമരിന് സമീപം ഇരിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും യാത്രക്കാരുടെ പരാതിയില്‍ പറയുന്നു.
ഈ മാസം ആദ്യം കാലിഫോർണിയയിലേക്കുള്ള വിമാനത്തിനായി ന്യൂയോർക്ക് നിവാസിയായ നിക്കോളാസ് മേയർ 23-ാം നിരയിൽ എത്തിയപ്പോഴണ് തനിക്ക് യഥാര്‍ഥ വിന്‍ഡോ സീറ്റല്ല ലഭിച്ചതെന്ന് മനസിലാക്കിയതെന്നും ഒരു കേസില്‍ പറയുന്നു.ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തൊന്നും 23F വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റാണെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
വിൻഡോകളില്ലാത്ത സീറ്റുകൾ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പരാതികള്‍ ഉയര്‍ന്നുവരാറുണ്ട്. ഇത്തരം പരാതികളെക്കുറിച്ച് യുണൈറ്റഡിനും ഡെൽറ്റയ്ക്കും വളരെക്കാലമായി അറിയാമെന്നും എന്നിട്ടും ഇത്തരം വിൻഡോ സീറ്റുകൾക്ക് അധിക നിരക്ക് ഈടാക്കുന്നത് തുടരുകയാണെന്ന് യാത്രക്കാരുടെ പരാതിയിലുണ്ട്. അതേസമയം, ഈ സംഭവത്തില്‍ അഭിപ്രായം പറയാന്‍ ഡെൽറ്റയും യുണൈറ്റഡും അഭിപ്രായം പറയാൻ വിസമ്മതിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.