യുഎസിൽ നിന്നും കാണാതായ ടെക്സസ് യുവതി ആഫ്രിക്കൻ ഗോത്രത്തോടൊപ്പം സ്കോട്ടിഷ് വനാന്തരത്തിൽ
ടെക്സസിൽ നിന്നുള്ള കൗറ ടെയ്‌ലറിനെയാണ് കാണാതായത്
എഡിൻബര്‍ഗ്: യുഎസിൽ നിന്നും കാണാതായ ടെക്സസ് യുവതിയെ സ്കോട്ട്ലാൻഡിലെ വനാന്തരത്തിൽ ആഫ്രിക്കൻ ഗോത്രത്തോടൊപ്പം കണ്ടെത്തി. കുബാല കിംഗ്ഡം എന്നറിയപ്പെടുന്ന ഈ സംഘം എഡിൻബർഗിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ തെക്ക് ജെഡ്ബർഗിനടുത്തുള്ള വനപ്രദേശങ്ങളിൽ ഒരു ക്യാമ്പ് നിർമിച്ചിട്ടുണ്ട്. 400 വർഷങ്ങൾക്ക് മുമ്പ് ഹൈലാൻഡ്സിലെ തങ്ങളുടെ പൂർവികരിൽ നിന്ന് മോഷ്ടിച്ച ഭൂമി തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജെഡ്ബർഗിലെ വനത്തിൽ തങ്ങൾ താമസമാക്കിയതെന്ന് സ്വയംപ്രഖ്യാപിത ഗോത്രം പറയുന്നതായി യുകെ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ എസ്‌ഡബ്ല്യുഎൻഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെക്സസിൽ നിന്നുള്ള കൗറ ടെയ്‌ലറിനെയാണ് കാണാതായത്. ആഫ്രിക്കൻ ഗോത്രത്തിനുള്ളിൽ ഇവരെ ദാസി എന്നര്‍ഥം വരുന്ന 'അസ്നത്ത്', അല്ലെങ്കിൽ 'ലേഡി സഫി' എന്നാണ് വിളിക്കുന്നത്. ക്യാമ്പിൽ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിൽ, തന്നെ കാണാതായിട്ടില്ലെന്ന് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. "എന്നെ വെറുതെ വിടൂ. ഞാൻ ഒരു മുതിർന്ന ആളാണ്, നിസ്സഹായായ കുട്ടിയല്ല." അവര്‍ യുകെ അധികൃതരോട് വ്യക്തമാക്കി. എപ്പോഴാണ് എവിടെ വച്ചാണ് ടെയ്‍ലറിനെ കാണാതായതെന്നോ കുടുംബത്തിന് ഇതേക്കുറിച്ചോ അറിവുണ്ടായിരുന്നുവെന്നോ വ്യക്തമല്ല.
കോഫി ഓഫെ എന്നറിയപ്പെട്ടിരുന്ന മുൻ ഓപ്പറ ഗായകനായ 36 കാരനായ അതെഹെൻ ആണ് സംഘത്തിന്‍റെ നേതാവ്. ഇദ്ദേഹത്തിന്‍റെ ഭാര്യ നന്ദിയാണ് രാജ്ഞി. പ്രാദേശിക നിയമങ്ങൾ അംഗീകരിക്കുന്നില്ലെന്നും പകരം അവരുടെ ദൈവമായ യാഹോവയുടെ നിയമങ്ങൾ പാലിക്കുന്നുവെന്നും സംഘം പറയുന്നു. ദാവീദ് രാജാവിന്‍റെ പിൻഗാമികളായ ഹെബ്രായരുടെ ഗോത്രമാണെന്ന് അവർ അവകാശപ്പെടുകയും എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് അവരുടെ പൂർവികരെ പുറത്താക്കിയതായും ഇവര്‍ വ്യക്തമാക്കുന്നു. ഗോത്രത്തിലെ അംഗങ്ങൾ അവരുടെ ജീവിതശൈലിയെ ലാളിത്യത്തിന്‍റെയും ആത്മീയ ബന്ധത്തിന്‍റെയും ജീവിതശൈലിയായി വിശേഷിപ്പിക്കുന്നു. ടെന്‍റുകളിലാണ് ഇവര്‍ താമസിക്കുന്നത്. അരുവിയിൽ കുളിക്കുന്നു. പൂര്‍ണമായും പ്രകൃതിയെ ആശ്രയിച്ചുകൊണ്ട് ഇവരുടെ ജീവിതം.
"ഞങ്ങൾ പ്രകൃതിയുമായി ബന്ധപ്പെടുന്നു. ചുറ്റുമുള്ള മരങ്ങളുമായി ബന്ധപ്പെടുന്നു. എല്ലാ ദിവസവും രാവിലെ നമ്മൾ ഉണരുന്നു. നീരുറവയിൽ കുളിക്കുന്നു. ഭക്ഷണത്തിനും പാർപ്പിടത്തിനും വസ്ത്രത്തിനും വേണ്ടി സ്രഷ്ടാവിനെ ദിവസവും ആശ്രയിച്ചുകൊണ്ട് ലളിതമായ ജീവിതം നയിക്കുന്നു. മതിലുകളില്ലാത്ത ഒരു കൂടാരത്തിലാണ് ഞങ്ങൾ താമസിക്കുന്നത്, പക്ഷേ ആരെയും ഞങ്ങൾ ഭയപ്പെടുന്നില്ല, കാരണം സ്രഷ്ടാവായ യാഹോവയുടെ സംരക്ഷണം നമുക്കുണ്ട്." രാജാവായ അതെഹെൻ പറയുന്നു.
തങ്ങൾക്ക് അധികാരികൾ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നുവെന്നും അവരുടെ ഒരു കൂടാരത്തിന് തീയിട്ട സംഭവം ഉൾപ്പെടെയുള്ള ശത്രുതകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സംഘം പറയുന്നു. എന്നാൽ തങ്ങൾ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്.