Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
നയ്പിഡാവ്: ഭൂകമ്പം തകർത്ത മ്യാന്മറിന് സഹായഹസ്തവുമായി ഇന്ത്യ. അവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിലെത്തി. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളുമായി സി-17 എന്ന വിമാനമാണ് മ്യാൻമറിലെത്തിയത്. 118 അംഗ മെഡിക്കൽ സംഘവും ദുരന്തമേഖലയിൽ എത്തിയതായാണ് റിപ്പോർട്ട്.
മ്യാൻമറിലും ബാങ്കോക്കിലുമുണ്ടായ ഭൂചലനത്തിൽ 1644 പേർ മരിക്കുകയും 3408 പേർക്ക് പരിക്കേൽക്കുയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ലോകോരോഗ്യ സംഘടനയും അമേരിക്കയും മ്യാൻമറിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്നലെ ഓപറേഷൻ ബ്രഹ്മയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനത്തിൽ അവശ്യവസ്തുക്കൾ യാംഗോനിൽ എത്തിച്ചിരുന്നു. ടെന്റുകൾ, പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണ പാക്കറ്റുകൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ ഉൾപ്പെടെ 15 ടൺ അവശ്യവസ്തുക്കളായിരുന്നു ഇന്ത്യ നൽകിയിരുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.50നാണ് 7.7 തീവ്രതയിൽ മ്യാന്മറിൽ ശക്തമായ ഭൂകമ്പമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്. തകർന്നടിഞ്ഞ പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് ഇതുവരെയും എത്തിച്ചേരാനായിട്ടില്ല. 80 അംഗ ദേശീയ ദുരന്തനിവാരണ സേനയെ ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ട്.