വിനോദ സഞ്ചാരിയുടെ അശ്രദ്ധ; ചൈനയിലെ പ്രശസ്തമായ ക്ഷേത്ര സമുച്ചയം മുഴുവൻ കത്തി നശിച്ചു
അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികൾ വ്യക്തമാക്കി
ബീജിങ്: ചൈനയിലെ ചരിത്രപ്രസിദ്ധമായ വെൻചാങ് പവലിയൻ ക്ഷേത്രം കത്തിനശിച്ചു. വിനോദ സഞ്ചാരികളുടെ അശ്രദ്ധമായ പെരുമാറ്റം മൂലമാണ് ക്ഷേത്രം കത്തിനശിച്ചതെന്നാണ് റിപ്പോർട്ട്. നവംബർ 12നാണ് തീപിടിത്തമുണ്ടായത്. ഒരു വിനോദസഞ്ചാരി അശ്രദ്ധമായി മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ചതാണ് ക്ഷേത്രം കത്തിനശിക്കാൻ കാരണമായതെന്ന് പ്രാദേശിക മാധ്യമമായ ദി ഗ്ലോബൽ ടൈംസ് പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
കുന്നിൻമുകളിലുള്ള ക്ഷേത്രത്തിൽ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങളും ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നുവീണു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2009 ൽ നിർമാണം പൂർത്തിയാക്കിയ ക്ഷേത്രം നിയന്ത്രിക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സമീപത്തെ യോങ്ചിങ് ക്ഷേത്രമാണ്.യോങ്ചിങ് ക്ഷേത്രത്തിന്റെ യഥാർഥ കെട്ടിടങ്ങൾക്ക് 1,500 വർഷം പഴക്കമുണ്ട്.
ആധുനിക രീതിയിലാണ് കത്തി നശിച്ച ക്ഷേത്രം നിർമിച്ചിട്ടുള്ളത്. എന്നാൽ ക്ഷേത്രത്തിൽ പുരാവസ്തുക്കളില്ലെന്നാണ് വിവരം. തീ ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കി. അടുത്തുള്ള വനപ്രദേശങ്ങളിലേക്ക് പടരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികൾ വ്യക്തമാക്കി. തീപിടിത്തത്തെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂർത്തിയായ ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഫെങ്ഹുവാങ് പർവതത്തിന് മുകളിലുള്ള ക്ഷേത്രം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. നിരവധി പേരാണ് ഇവിടെ ദിവസവും എത്തുന്നത്. എന്നാൽ വിനോദസഞ്ചാരികളുടെ അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. 2023-ൽ ഗാൻസു പ്രവിശ്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാൻദൻ ഗ്രേറ്റ് ബുദ്ധ ക്ഷേത്രത്തിന് തീപിടിച്ചിരുന്നു. അന്ന് തീപിടിത്തത്തിൽ ക്ഷേത്രത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. ഒരു ഭീമൻ ബുദ്ധ പ്രതിമ മാത്രമായിരുന്നു അന്ന് ബാക്കിയായത്.