ഗസ്സയിൽ നിരന്തര ആക്രമണവും യെല്ലോ ലൈൻ മറികടന്നുള്ള സൈനിക നടപടികളും തുടർന്ന് ഇസ്രായേൽ
പത്ത് ലക്ഷം ഫലസ്തീനികൾ ഗസ്സയിൽ കടുത്ത ദുരിതത്തിലെന്നും യുഎൻ ഏജൻസി
ഗസസിറ്റി: ഗസ്സയിൽ നിരന്തര ആക്രമണവും യെല്ലോ ലൈൻ മറികടന്നുള്ള സൈനിക നടപടികളും തുടർന്ന് ഇസ്രായേൽ. ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന കരാർലംഘനം സമാധാനം തകർക്കുമെന്ന് യു.എൻ മുന്നറിയിപ്പ്. പത്ത് ലക്ഷം ഫലസ്തീനികൾ ഗസ്സയിൽ കടുത്ത ദുരിതത്തിലെന്ന് യു.എൻ ഏജൻസി.
ഗസ്സയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ക്രൂരത തുടർന്ന് ഇസ്രായേൽ. ഖാൻ യൂനുസിലും റഫയിലുമാണ് രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടത്. അധിനിവിഷ്ട കിഴക്കൻ ജറൂസലമിൽ രണ്ട് കുട്ടികളെയും ഇസ്രായേൽ സേന വെടിവെച്ചു കൊന്നു. നബുലസ് പട്ടണത്തിൽ ഫലസ്തീൻ സുരക്ഷാ സേനാംഗവും വെടിയേറ്റു മരിച്ചു. ഗസ്സയുടെ പല ഭാഗത്തും യെല്ലോ ലൈൻ മറികടന്ന് 300 മീറ്ററോളം ഉള്ളിലേക്ക് ഇസ്രായേൽ കരസേന നീങ്ങിയത് വെടിനിർത്തൽ കരാറിന്‍റെ ഭാവി സംബന്ധിച്ച ആശങ്ക വർധിപ്പിച്ചു. ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന്‍റെ സാധുത തന്നെ ചോദ്യം ചെയ്യുന്നതാണ് ഇസ്രായേൽ നീക്കമെന്ന് ഹമാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ലബനാനിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ േബാംബിട്ടതിലൂടെ 13 ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രായേൽ സേന ആരോപിച്ചു. എന്നാൽ ലബനാനിൽ സാധാരണ ഫലസ്തീൻകാരെയാണ് ഇസ്രായേൽ വധിച്ചതെന്ന് ഹമാസ് വ്യക്തമാക്കി.
ഗസ്സ മുനമ്പിൽ ഹമാസിന്റെ ഒരു സുപ്രധാന തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. . തുരങ്കത്തിന് ഏഴു കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവും 80 മുറികളുമുണ്ടെന്ന് ഐഡിഎഫ് ചൂണ്ടിക്കാട്ടി. വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ, ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായതായി 'യുനർവ' അറിയിച്ചു. പത്ത് ലക്ഷത്തിലേറെ അഭയാർഥികളായ ഫലസ്തീൻ ജനതക്ക് അടിയന്തര താത്ക്കാലികതാമസ സൗകര്യം ഒരുക്കണമെന്നും ഏജൻസി ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് താൽക്കാലിക ടെൻന്‍റുകളും മറ്റും അയക്കുന്നതിന് ഇസ്രായേൽ കർശന നിയന്ത്രണം തുടരുകയാണ്