വെടിനിര്‍ത്തലിന് പുല്ല് വില;42 ദിവസത്തിനിടെ ഇസ്രായേല്‍ കൊന്നുതള്ളിയത് 318 ഫലസ്തീനികളെ
പ്രതികൂല കാലാവസ്ഥയും കുടിവെള്ള ലഭ്യതക്കുറവും മൂലം ഗസ്സയിൽ പതിനായിരങ്ങളുടെ ജീവിതം ദുരിതപൂർണമായതായി യുഎൻ ഏജൻസികള്‍
ഗസ്സ സിറ്റി: വെടിനിർത്തലിന്‍റെ 42-ാം നാളിൽ ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സേന. വിവിധ ആക്രമണ സംഭവങ്ങളിലായി 22 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. തിരക്കേറിയ ഗസ്സ സിറ്റിയിൽ ഒരു വാഹനത്തിനു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ഒന്നര മാസത്തിലേക്ക് കടക്കാനിരിക്കെ, നാനൂറിലേറെ ലംഘനങ്ങൾ വഴി ഇസ്രായേൽ 318 ഫലസ്തീനികളെ കൊന്നൊടുക്കിയതായി ഗസ്സ ആരോഗ്യ മന്ത്രാലയംഅറിയിച്ചു.788 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഫയിൽ യെല്ലോ ലൈൻ മറികടന്ന് ഇസ്രായേൽ സേന വീണ്ടും ഉള്ളിലേക്ക് കയറിയത് ആശങ്ക വർധിപ്പിച്ചു. എന്നാൽ യെല്ലോ ലൈൻ ലംഘിച്ച് ഹമാസ് പോരാളി രംഗത്തു വന്നതായും ഇതിനെ പ്രതിരോധിക്കാൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു പേരെ വധിച്ചതായും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു പറഞു. യെല്ലോ ലൈൻ ലംഘിച്ചെന്ന ആരോപണം ഹമാസ് തള്ളി. നിലവിലെ സാഹചര്യത്തിൽ ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാവി അപകടത്തിലാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും മധ്യസ്ഥ രാജ്യങ്ങൾക്ക് ഹമാസ് മുന്നറിയിപ്പ് നൽകിയതായി 'അൽജസീറ' റിപ്പോർട്ട് ചെയ്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ ഇസ്രായേൽ സുരക്ഷാ സേനയും ജൂത കുടിയേറ്റക്കാരും നടത്തുന്ന ഫലസ്തീൻ വിരുദ്ധ നടപടികളിൽ യു.എന്നും യൂറോപ്യൻ യൂനിയനും ആശങ്ക പ്രകടിപ്പിച്ചു. പ്രതികൂല കാലാവസ്ഥയും കുടിവെള്ള ലഭ്യതക്കുറവും മൂലം ഗസ്സയിൽ പതിനായിരങ്ങളുടെ ജീവിതം ദുരിതപൂർണമായതായി യു.എൻ ഏജൻസികൾ അറിയിച്ചു.