ട്രംപിന്റെ ഇരുത്തവും മംദാനിയുടെ നിൽപും; പിന്നിലെന്ത്?
കഴിഞ്ഞ ദിവസമാണ് മംദാനി വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്
വാഷിങ്ടൺ: ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഴുസമയവും മംദാനി നിൽക്കുകയും ട്രംപ് ഇരിക്കുകയുമായിരുന്നു. ഇതേക്കുറിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് പുറത്തുവരുന്നത്. ഒരുപക്ഷേ, ഇത് പ്രോട്ടോകോളിന്റെ ഭാഗമായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ട്രംപിനോടുള്ള വിയോജിപ്പുകൾ പ്രകടമാക്കാനാണ് മംദാനി നിന്നുകൊണ്ട് ട്രംപിൽ നിന്ന് അകലം പാലിച്ചതെന്നാണ് മറ്റു ചിലർ നിരീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മംദാനി വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് ഗോദയിലും രാഷ്ട്രീയവേദികളിലും പരസ്പരം വിമർശിച്ചും കലഹിച്ചും സ്വയം വാർത്തകളായി മാറിയ രണ്ടുനേതാക്കൾ കണ്ടുമുട്ടിയപ്പോൾ അഭിനന്ദനങ്ങളുടെയും ആശംസകളുടെയും നാടകീയ മുഹൂർത്തങ്ങളാണ് പുറത്തുവന്നത്.
ഊഷമളമായ കൂടിക്കാഴ്ചയിലും മംദാനി തന്റെ ഇസ്രായേൽ വിരുദ്ധ നിലപാടിൽ യാതൊരു മാറ്റവും വരുത്തിയില്ല. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്നും അതിന് യുഎസ് സഹായമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ട്രംപ് മംദാനിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
''അദ്ദേഹം എന്നെ ആശ്ചര്യപ്പെടുത്തി. ന്യൂയോർക്കിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വാടക കുറയ്ക്കുകയും മംദാനിയുടെ ലക്ഷ്യമാണ്. എല്ലാ കാര്യങ്ങളും ഞാൻ അംഗീകരിക്കുകയാണ്''- ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മംദാനിയും പറഞ്ഞു.
ട്രംപിനെ ഫാഷിസ്റ്റായി കാണുന്നുണ്ടോ എന്ന ചോദ്യം വന്നപ്പോൾ മംദാനി ഒരു നിമിഷം നിശബ്ദനായി. തുടർന്ന് മംദാനി മറുപടി പറയാൻ തുടങ്ങിയ ഉടനെ ട്രംപ് ഇടപെട്ടു. ചോദ്യത്തെ ചിരിച്ചുതള്ളി ഒഴിവാക്കാനായിരുന്നു ശ്രമം. ''ഞാൻ സംസാരിച്ചിട്ടുണ്ട്'' എന്ന് പറഞ്ഞ് മറുപടി തുടങ്ങിയ മംദാനിയെ ട്രംപ് തടസ്സപ്പെടുത്തി. ''സാരമില്ല, നിങ്ങൾക്ക് അതെ എന്ന് മാത്രം പറയാം. വിശദീകരിക്കുന്നതിനെക്കാൾ എളുപ്പമാണത്. എനിക്കൊരു പ്രശ്‌നവുമില്ല''- ചിരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ട്രംപുമായി ഒരുപാട് വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്നും എന്നാൽ കൂടിക്കാഴ്ച അവയെക്കുറിച്ച് അല്ലായിരുന്നുവെന്നും മംദാനി പിന്നീട് പറഞ്ഞു.