ട്രംപ്- മംദാനി കൂടിക്കാഴ്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്
ട്രംപ് ഫാഷിസ്റ്റാണോ എന്ന മംദാനിയോടുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനുള്ള മറുപടിയും ശ്രദ്ധേയമായി
ന്യൂയോർക്ക്: യു. എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും, നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്. ന്യൂയോർക്കിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മംദാനിയുമായി സഹകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് ഫാഷിസ്റ്റാണോ എന്ന മംദാനിയോടുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനുള്ള മറുപടിയും ശ്രദ്ധേയമായി.
ലോകം ആകാംക്ഷയോടെയാണ് ട്രംപ് - മംദാനി കൂടിക്കാഴ്ചയെ കാത്തിരുന്നത്. മംദാനി മികച്ച മേയര്‍ ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യാഥാസ്ഥിതികരെ മംദാനി അദ്ഭുതപ്പെടുത്തുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപിനെ ഒരു ഫാഷിസ്റ്റായി ഇപ്പോഴും കണക്കാക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ മംദാനിയോടുള്ള ചോദ്യം. ഇതിൽ ട്രംപ് ഇടപെട്ട് ഉത്തരം ഒഴിവാക്കാൻ ശ്രമിച്ചതാണ് കൗതുകമായത്.
ന്യൂയോര്‍ക്കിലെ താമസ പ്രതിസന്ധി പരിഹരിക്കുന്നതിന് യോജിച്ച നിലപാടുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കി. മുമ്പ് 'നൂറു ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തൻ' എന്നും 'തികഞ്ഞ മനോരോഗി' എന്നും ട്രംപ് വിശേഷിപ്പിച്ച മംദാനി, ട്രംപിന്റെ ഭരണകൂടത്തെ ഏകാധിപത്യപരമെന്ന് വിമർശിച്ചിരുന്നു.
എന്നാൽ, കൂടിക്കാഴ്ച തന്നെ അദ്ഭുതപ്പെടുത്തിയെന്നും മംദാനിയെക്കുറിച്ച് മതിപ്പു തോന്നിയെന്നും ട്രംപ് തുറന്നു പറഞ്ഞു. മംദാനിയുടെ അഭ്യർഥന അംഗീകരിച്ചാണ് ഓവൽ ഓഫിസിൽ കൂടിക്കാഴ്ച നടന്നത്. മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് മംദാനി രംഗത്തെത്തിയിരുന്നു. ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യനും മുസ്‍ലിം വംശജനുമാണ് മംദാനി.